കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അധികൃതർ അറിയാതെ പണം പിൻവലിച്ച സംഭവത്തിൽ അവസാന പരിശോധന പൂർത്തിയായപ്പോൾ മൊത്തം നഷ്ടപ്പെട്ടത് പതിനഞ്ചേകാൽ കോടി രൂപ. പഞ്ചാബ് നാഷനൽ ബാങ്കിലുള്ള കോർപറേഷന്റെ 14 അക്കൗണ്ടുകളിൽ ഏഴെണ്ണത്തിൽനിന്ന് പലസമയത്താണ് ഇത്രയും തുക പിൻവലിച്ചതായി കണ്ടെത്തിയത്. ഇതിൽ 2,53,59,556 രൂപ കഴിഞ്ഞ ദിവസം കോർപറേഷന്റെ അക്കൗണ്ടിൽ ബാങ്ക് തിരിച്ചടച്ചിരുന്നു. കോർപറേഷന്‍റെതല്ലാത്ത അക്കൗണ്ടുകളിൽനിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കേസന്വേഷണം ടൗൺ പൊലീസിൽനിന്ന് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. അസി. കമീഷണർ ടി.എ. ആന്‍റണിക്കാണ് അന്വേഷണ ചുമതല. അനധികൃതമായി പിൻവലിച്ച പണം മുഴുവൻ തിരികെ നൽകുമെന്ന് ബാങ്ക് രേഖാമൂലം അറിയിച്ചതായി മേയർ ഡോ. ബീന ഫിലിപ് പറഞ്ഞു. പരിശോധന തുടരുകയാണെന്നും മൂന്നു ദിവസത്തിനകം
പണം തിരികെയിടുമെന്നും ചെന്നൈ ഡിവിഷൻ മാനേജർ കോർപറേഷനെ അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത് കുടുംബശ്രീയുടെ അഭയം ഫണ്ടിനുള്ള രണ്ട് അക്കൗണ്ടുകളിൽ നിന്നാണ് (10.81 കോടി). പൂരക പോഷകാഹാര പദ്ധതി, ഓൺലൈൻ വഴി നികുതിയടക്കാനുള്ളത്, ഖരമാലിന്യ സംസ്കരണം, എം.പി-എം.എൽ.എ ഫണ്ട്, അമൃത് എന്നിവയിൽനിന്നെല്ലാം പണം നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്കിൽനിന്ന് തെറ്റായ സ്റ്റേറ്റ്മെന്റുകളാണ് കോർപറേഷന് നൽകിയതെന്നും വ്യക്തമായി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖ മുൻ സീനിയർ മാനേജർ എം.പി. റിജിൽ പിതാവിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായും പിന്നീട് തന്റെ പേരിലുള്ള സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇദ്ദേഹം പണം ഓൺലൈൻ ഗെയിമുകളിലടക്കം ഉപയോഗിച്ചതായാണ് വിവരം. വീടുപണിയടക്കം സാമ്പത്തിക ആവശ്യം വന്നതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പണം നഷ്‍ടപ്പെട്ടത് കണ്ടെത്തിയതെങ്കിലും ബാങ്കിന്റെ മുൻകാല കണക്കുകളും പരിശോധിക്കാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. ബാങ്കിന്റെ ചെന്നൈ ഓഫിസിൽനിന്നുള്ള വിദഗ്ധരടങ്ങിയ സംഘം കോഴിക്കോട്ടെത്തി എല്ലാ അക്കൗണ്ടുകളും പരിശോധിക്കുന്നത് തുടരുകയാണ്.
റീജനൽ ബ്രാഞ്ചിൽ ജോലി ചെയ്യവേ കഴിഞ്ഞ ഒക്ടോബർ 12നും നവംബർ 25നുമിടയിൽ വിവിധ ദിവസങ്ങളിൽ കോർപറേഷനെയും ബാങ്കിനെയും വഞ്ചിച്ച് 98,59,556 രൂപ അന്യായമായി കൈക്കലാക്കിയെന്നാണ് നിലവിലെ മാനേജർ സി.ആർ. വിഷ്ണു പരാതി നൽകിയത്. ഇതുകൂടാതെ കോർപറേഷൻ വിവിധ അക്കൗണ്ടുകൾ സംബന്ധിച്ച് മൂന്നു പരാതികളും നിലവിലുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം 409 (ബാങ്ക് ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന), 420 (വഞ്ചന) തുടങ്ങിയ കുറ്റങ്ങളാണ് പ്രഥമ വിവര റിപ്പോർട്ടിൽ ചുമത്തിയത്. റിജിൽ മാസങ്ങൾക്കു മുമ്പ് എരഞ്ഞിപ്പാലം ബ്രാഞ്ചിലേക്ക് മാറിയപ്പോൾ അവിടെ നിന്ന് ലിങ്ക് റോഡ് ബ്രാഞ്ചിൽ തിരിമറി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ആരോപണവിധേയനായ മാനേജർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.