കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കാൻ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ബി.ജെ.പിയുമായി ഗൂഢാലോചന നടത്തിയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഹൈകോടതിയിൽ. ഏപ്രിൽ 19ന് നടന്ന പൂരത്തിലെ പൊലീസ് നിയന്ത്രണങ്ങളുടെ പേരിൽ തിരുവമ്പാടി വിഭാഗം ബഹിഷ്കരണനീക്കം നടത്തിയതും ഗതാഗത നിയന്ത്രണമുള്ളിടത്തേക്ക് സുരേഷ് ഗോപി ആംബുലൻസിലെത്തിയതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പൂരം അലങ്കോലമാക്കിയതിൽ ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെടുന്ന ഹരജികളിലാണ് വിശദീകരണം.
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയകക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഈ കേസിലെ ഹരജിക്കാരനായ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ, ജില്ല പ്രസിഡന്റ് അനീഷ്കുമാർ, കണ്ണൂർ സ്വദേശിയായ സംഘ്പരിവാർ പ്രവർത്തകൻ വൽസൻ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം സംശയം ബലപ്പെടുത്തുന്നതാണ്. താൻ ഇടപെട്ട് പ്രതിസന്ധി പരിഹരിച്ചെന്ന രീതിയിലുള്ള വസ്തുതാപരമല്ലാത്ത വാർത്തകൾ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പൂരം അലങ്കോലമായെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ വഴിയൊരുക്കുകയാണ് തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ ചെയ്തത്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞെന്ന രീതിയിൽ പ്രശ്നത്തിൽ സുരേഷ് ഗോപി പരസ്യമായി ഇടപെടുകയായിരുന്നു. രാത്രി മഠത്തിൽവരവ് സമയത്ത് ഒമ്പത് ആനകൾക്ക് പകരം ഒരാനയായി തിരുവമ്പാടി ദേവസ്വം ചുരുക്കി. അലങ്കാരപ്പന്തലുകളിലെ വിളക്കുകൾ അണച്ചു. ഇത് പൂരത്തിന്റെ ശോഭ നഷ്ടപ്പെടുത്തി.
പൂരം നിർത്തിവെക്കുകയാണെന്ന് തിരുവമ്പാടി പ്രചരിപ്പിച്ചു. പാസുള്ളവരെ മുഴുവൻ പൂരപ്പറമ്പിൽ വെടിക്കെട്ട് സമയത്ത് കയറ്റണമെന്ന് വാശിപിടിക്കുകയും നിസ്സഹകരിക്കുകയും ചെയ്തതോടെ വെടിക്കെട്ട് നീണ്ടു. തിരുവമ്പാടി ദേവസ്വം നടത്തിയ ആശാസ്യകരമല്ലാത്ത സമ്മർദതന്ത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്. വടക്കുന്നാഥക്ഷേത്ര മൈതാനത്ത് ചെരിപ്പിട്ടു കയറാൻ അനുവദിക്കരുതെന്ന ഹൈകോടതി നിർദേശം പാലിക്കാത്തത് പൊലീസിന്റെ വീഴ്ചയായി പറയുന്നു. ആന പരിശോധന തടസ്സപ്പെടുത്തിയതാണ് പാറമേക്കാവ് ദേവസ്വത്തിനെതിരായുള്ള പ്രധാന പരാമർശം. എന്നാൽ, കുടമാറ്റ സമയത്തടക്കം പൊലീസും ജനങ്ങളുമായുണ്ടായ തർക്കം അസാധാരണമോ അസ്വാഭാവികമോ അല്ലെന്നും എല്ലാ വർഷവുമുള്ള പതിവ് വിഷയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം കലക്കലിൽ അന്വേഷണം തുടങ്ങിയശേഷം ഘടക ക്ഷേത്ര സമിതികളുമായി ദേവസ്വം ബോർഡ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണ് സത്യവാങ്മൂലത്തിനൊപ്പം ചേർത്തത്. അതേസമയം, പൂരം അലങ്കോലമാക്കലുമായി ബന്ധപ്പെട്ട ഹരജികൾ മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മാറ്റി. ഹരജിക്കാർക്ക് മറുപടിസത്യവാങ്മൂലം നൽകാൻ സമയം അനുവദിച്ചാണ് ഹരജി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.