കാക്കനാട്: കേരള മീഡിയ അക്കാദമിയുടെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന് നമ്പ്യാര്‍ പുരസ്കാരം ‘മാധ്യമം’ ജോയൻറ് എഡിറ്റര്‍ പി.ഐ. നൗഷാദ് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി. കേരള മീഡിയ അക്കാദമിയില്‍ നടന്ന ബിരുദദാന സമ്മേളന, മാധ്യമ അവാര്‍ഡ് സമര്‍പ്പണ ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ‘വ്യക്തിവിവര സുരക്ഷാനിയമം: മരുന്ന് രോഗമാവുമ്പോൾ’ എന്ന എഡിറ്റോറിയലാണ് പി.ഐ. നൗഷാദിനെ അവാർഡിന് അർഹനാക്കിയത്.
മാധ്യമ പ്രവർത്തന മേഖലയിലേക്ക് ദലിത് വിഭാഗത്തിൽനിന്ന് കൂടുതൽ പ്രതിനിധികൾ കടന്നുവരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ആർ. ബിന്ദു അഭിപ്രായപ്പെട്ടു. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വേരന് അവാര്‍ഡ് നാഷിഫ് അലിമിയാന്, മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന് അവാര്‍ഡ് മലയാള മനോരമ പൊന്നാനി ബ്യൂറോയിലെ ജിബീഷ് വൈലിപ്പാട്ട്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന് അവാര്‍ഡ് മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ടി. അജീഷ്, കേരള മീഡിയ അക്കാദമിയുടെ ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ് മലയാള മനോരമ ഫോട്ടോഗ്രാഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിക്കുവേണ്ടി അദ്ദേഹത്തിന്റെ മാതാവ്, കേരള മീഡിയ അക്കാദമിയുടെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് അമൃത ടി.വിയിലെ സി.എസ്. ബൈജു, ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള ജൂറിയുടെ പ്രത്യേക പുരസ്കാരം സാജന് വി. നമ്പ്യാര്‍, ദൃശ്യമാധ്യമത്തിനുള്ള ജൂറിയുടെ പ്രത്യേക പുരസ്കാരം മാതൃഭൂമി ന്യൂസിലെ റിയ ബേബി എന്നിവര്‍ ഏറ്റുവാങ്ങി.
മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ഇ.എസ്. സുഭാഷ്, സെക്രട്ടറി അനില്‍ ഭാസ്കര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കെ.പി. റെജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ. രാജഗോപാല്‍, അസി. സെക്രട്ടറി പി.കെ. വേലായുധന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.