കൊല്ലം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചതെന്നും തങ്ങളെ കുറിച്ച് പറയാൻ പാടില്ല എന്ന് ചില നേതാക്കൾ പറഞ്ഞാൽ അത് നാട് അംഗീകരിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സി.പി.എം നെടുവത്തൂര്‍ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. താൻ പറഞ്ഞത് മുസ്‌ലിം ലീഗ് അധ്യക്ഷന് എതിരെ ആണ്. സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായതിനുശേഷമാണ് മുസ്ലീം ലീഗ് ജമാഅത്ത് ഇസ്ലാമിയോടും എസ്.ഡി.പി.ഐയോടും അനുകൂല നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതെന്നും തീവ്രവാദികളുടെ ഭാഷയും കൊണ്ട് തങ്ങളുടെ അടുത്തേക്ക് വരേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ പാണക്കാട് തങ്ങളെ കുറിച്ച് ഒരു വാചകം ഞാൻ പറഞ്ഞു. ലീഗിന്റെ ചില ആളുകൾ എന്തൊരു ഉറഞ്ഞ് തുള്ളലാണ്. പാണക്കാട് തങ്ങളെ കുറിച്ച് പറയാൻ പാടില്ല പോലും... പാണക്കാട് കുറേ തങ്ങൾമാരുണ്ട്. അവരെ എല്ലാവരെയും കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് മുസ്‌ലിം ലീഗ് അധ്യക്ഷനായ സാദിഖലി തങ്ങളെ കുറിച്ചാണ്. സാദിഖലി തങ്ങൾ പ്രസിഡന്റായി വരുന്നതിന് മുമ്പ് ലീഗ് ഏതെങ്കിലും ഘട്ടത്തിൽ ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം നിന്നിട്ടുണ്ടോ? ജമാഅത്തെ ഇസ്‌ലാമിയോടും എസ്.ഡി.പി.ഐയോടും ഇതുപോലുള്ള സമീപനം ഏതെങ്കിലും കാലത്ത് സ്വീകരിച്ചിട്ടുണ്ടോ? ആ നിലപാട് ലീഗ് സ്വീകരിക്കുന്നതിൽ സാദിഖലി തങ്ങൾക്ക് പങ്കില്ലേ... ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയ്ക്ക് ചെയ്യേണ്ട കാര്യമാണോ അത്..
സാദിഖലി തങ്ങളെ കുറിച്ച് പറയാൻ പാടില്ലെന്ന് ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് നാട് അംഗീകരിക്കുമോ? എന്തിനാണ് ഇത്രയും വെപ്രാളം. വിമർശിക്കുന്നവരെ എതിർക്കുന്നത് തീവ്രവാദ സ്വഭാവമുള്ള ഭാഷയാണ്. തീവ്രവാദ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുത്. ആർ.എസ്.എസിനെയും സംഘപരിവാറിനെയും മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും സി.പി.എം എതിർക്കും -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.