തിരുവനന്തപുരം: ചലച്ചിത്രരംഗത്തെ ലൈംഗിക ആരോപണങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തൽ അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മൂന്നിൽ ഇതുവരെ രേഖാമൂലം ലഭിച്ചത് 16 പരാതികൾ. മുൻ ചലച്ചിത്ര അക്കാദമി ഡയറക്ടർ രഞ്ജിത്ത്, നടൻ സിദ്ദീഖ് എന്നിവർക്കെതിരെ നടിമാരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, നടൻ മുകേഷിനെതിരായ പരാതിയും മൊഴിയും ഉണ്ടായിട്ടും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. യുവനടനെതിരായി മറ്റൊരു നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴിയെടുത്തെങ്കിലും പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യാഴാഴ്ച കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.
ഇതുവരെ ഡി.ജി.പിക്ക് ലഭിച്ച പരാതികൾക്കു പുറമെ, അന്വേഷണ സംഘത്തിലെ നോഡൽ ഒാഫിസറായ തിരുവനന്തപുരം റേഞ്ച് ഐ.ജി അജീത ബീഗത്തിന് ഇ- മെയിൽ വഴിയോ ഫോണിലൂടെയോ പരാതി നൽകാനും അവസരമുണ്ട്. ഇതിനകം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തിയവരെ അങ്ങോട്ട് ബന്ധപ്പെട്ടാണ് ആദ്യഘട്ട നടപടി പൂർത്തിയാക്കുന്നത്. ഇവരിൽനിന്നെല്ലാം രേഖാമൂലം പരാതി വാങ്ങാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. പരാതികളും വെളിപ്പെടുത്തലുകളും പരിശോധിക്കാനും കേസെടുക്കണമെങ്കിൽ ലോക്കൽ പൊലീസിന് ശിപാർശ ചെയ്യാനുമാണ് ഏഴംഗ സംഘത്തെ നിയോഗിച്ചതെന്നാണ് ഡി.ജി.പിയുടെ ഉത്തരവ്.
മുദ്രവെച്ച കവറിൽ അന്വേഷണ സംഘാംഗങ്ങള്‍ക്ക് മാത്രം കൈമാറിയ ഈ ഉത്തരവിൽ എസ്.ഐ.ടി നേരിട്ട് കേസെടുക്കുന്നതു സംബന്ധിച്ച് പരാമർശമില്ല. സംഭവം നടന്നതായി പരാതിയിൽ സൂചിപ്പിക്കുന്ന സ്ഥലത്തെ പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസ് പ്രത്യേക സംഘത്തിലെ ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥക്ക് കൈമാറി ഡി.ജി.പി പ്രത്യേകം ഉത്തരവിറക്കും. അന്വേഷണത്തിന് അതത് ജില്ലയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘമുണ്ടാക്കുന്നതുമാണ് എസ്.ഐ.ടിയുടെ പ്രവർത്തനം.
അതേസമയം, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള അധികാരം സർക്കാറിൽ നിക്ഷിപ്തമാണെന്ന് 2011ൽ കേരള പൊലീസ് നിയമത്തിൽ വരുത്തിയ ഭേദഗതി ഈ തീരുമാനത്തിന് തടസ്സമാകുമെന്ന ആശങ്കയുമുണ്ട്. അങ്ങനെയെങ്കിൽ ഡി.ജി.പിയുടെ ഉത്തരവ് നിലനിൽക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.