മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ സംഘത്തിന് നല്‍കിയത് 1.83 കോടി; നിയോഗിച്ചത് 12 അംഗ ടീമിനെ

തിരുവനന്തപുരം: പി.ആര്‍ ഏജന്‍സി വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാധ്യമ സംഘത്തിന് നല്‍കിയത് 1.83 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ഇടാനും മറുപടി നല്‍കാനും മറ്റുമായി 12 അംഗ സമൂഹമാധ്യമ ടീമിനെയാണ് നിയോഗിച്ചതെന്ന് വിവരാവകാശ മറുപടിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ് സെക്രട്ടറിമാരും പി.ആർ.ഡി ഉദ്യോഗസ്ഥര്‍ അടക്കമുള്ള വന്‍സംഘവും ഉണ്ടായിരിക്കെയാണ് 12 അംഗ ടീമിനെകൂടി നിയമിച്ചത്. 45,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് ഇവര്‍ക്ക് പ്രതിമാസ ശമ്പളം.

ടീം ലീഡര്‍ക്ക് 75,000 രൂപ ആണ് ശമ്പളം. കണ്ടന്റ് മാനേജര്‍ക്ക് 70,000. സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോഓഡിനേറ്റര്‍, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവര്‍ക്ക് 65,000 രൂപ വീതം. ഡെലിവറി മാനേജര്‍ എന്ന തസ്തികയില്‍ അര ലക്ഷമാണ് ശമ്പളം. റിസര്‍ച് ഫെലോ, കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗേറ്റര്‍ എന്നിവര്‍ക്ക് 53,000 രൂപ. ഡേറ്റ റിപ്പോസിറ്ററി മാനേജര്‍മാര്‍ക്ക് 45,000 രൂപ വീതവും ലഭിക്കും.

2022 മേയ് ആറിനാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ടീമിനെ നിയോഗിച്ചതെന്ന് കെ.പി.സി.സി സെക്രട്ടറി സി.ആര്‍. പ്രാണകുമാറിന് നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു. ആറുമാസം കരാര്‍ അടിസ്ഥാനത്തിലാണ് ആദ്യനിയമനം. പിന്നീട് ഒരുവര്‍ഷത്തേക്ക് നീട്ടി. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും നീട്ടി. ഇതു സംബന്ധിച്ച നിയമസഭയിലെ രണ്ടുചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന സര്‍ക്കാറാണ് വിവരാവകാശം വഴി മറുപടി നല്‍കിയത്.

Tags:    
News Summary - 1.83 crore was given to Chief Minister's social media team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.