പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടും ബി.ജെ.പിയിലെ ഭിന്നതക്ക് പരിഹാരമായില്ല. ഞായറാഴ്ച നടന്ന പാലക്കാട് സംഘടന മണ്ഡലം യോഗം ശോഭപക്ഷം ഭാരവാഹികൾ ബഹിഷ്കരിച്ചു. 28 നഗരസഭ കൗൺസിലർമാരും ഏരിയ-മണ്ഡലം ഭാരവാഹികളും അടക്കം 70ലേറെ പേർ പങ്കെടുക്കേണ്ട യോഗത്തിൽ കൗൺസിലർമാരടക്കം 21 പേരാണ് പങ്കെടുത്തത്. കൗൺസിലർമാരിൽ ആകെ 12 പേർ മാത്രം പങ്കെടുത്തു.
നഗരസഭ അധ്യക്ഷ, വൈസ് ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷൻമാരിൽ ചിലർ, മുതിർന്ന നേതാവ് എൻ. ശിവരാജൻ എന്നിവരെത്തിയില്ല. ശോഭപക്ഷ നേതാക്കളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി തിരഞ്ഞെടുത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കീഴ്ഘടകങ്ങളിൽ ജില്ല നേതൃത്വത്തിനെതിരെയും അമ൪ഷം പുകയുന്നുണ്ട്.
തിരുവനന്തപുരം: ഒപ്പം നിർത്താനുള്ള യു.ഡി.എഫ് ശ്രമങ്ങൾക്ക് മുന്നിൽ നിബന്ധന നിരത്തി പി.വി. അൻവർ. ചേലക്കരയിലും പാലക്കാട്ടും അൻവർ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിക്കണമെന്നാണ് യു.ഡി.എഫ് നിലപാട്. എന്നാൽ, ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് തങ്ങളുടെ സ്ഥാനാർഥി എൻ.കെ. സുധീറിനെ യു.ഡി.എഫ് പിന്തുണച്ചാൽ പകരം പാലക്കാട് സ്ഥാനർഥിയെ പിൻവലിക്കാമെന്നാണ് അൻവറിന്റെ ഓഫർ. ഇതിനെക്കുറിച്ച് യു.ഡി.എഫ് നേതാക്കളാരും പരസ്യമായി പ്രതികരിച്ചില്ല.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ താൻ പിന്തുണക്കുമെന്ന് നേരത്തേ അന്‍വര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ‘‘വർഗീയതയും പിണറായിസവു’’മാണ് കേരളം നേരിടുന്ന രണ്ടു വലിയ പ്രശ്നങ്ങൾ എന്ന അൻവറിന്റെ നിലപാടിനോട് തത്ത്വത്തിൽ യു.ഡി.എഫിന് വിയോജിപ്പില്ല. നേരിയ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് പാലക്കാട്ട് വിജയിച്ചത്. ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് യു.ഡി.എഫിന്റെ പാലമിടൽ നീക്കങ്ങൾ.
സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിനെ തോല്പിക്കാന് ഒപ്പം നില്‍ക്കണമെന്നാണ് അന്‍വറിനോടുള്ള യു.ഡി.എഫ് അഭ്യർഥന. ആശയവിനിമയത്തിനായി യു.ഡി.എഫ് നേതാക്കൾ ബന്ധപ്പെട്ട കാര്യം അൻവർ സ്ഥിരീകരിച്ചു. പാലക്കാട് സീറ്റ് നിലനിർത്തുക എന്നത് കോൺഗ്രസിന് അനിവാര്യമാണ്. മറിച്ചാണെങ്കിൽ ബി.ജെ.പിക്ക് സീറ്റ് കൊടുക്കാൻ വഴിയൊരുക്കിയെന്ന പഴി ഏറ്റുവാങ്ങേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.