1. അലൻവാക്കറുടെ ഡി.ജെ പാർട്ടിക്കിടെയുണ്ടായ കൂട്ട മൊബൈൽ മോഷണക്കേസിൽ ഡൽഹിയിൽ നിന്ന് അറസ്റ്റിലായ അതീഖു റഹ്മാൻ, വാസിം അഹമ്മദ് എന്നിവരെ കൊച്ചിയിലെത്തിച്ചപ്പോൾ. 2.സ​ണ്ണി​ഭോ​ല യാ​ദ​വ്, ശ്യാം​ബ​ൽ​പാ​ൽ

ഡി.ജെ പാർട്ടിക്കിടെ കൂട്ട മൊബൈൽ മോഷണം: നാല് പ്രതികൾ അറസ്റ്റിൽ

കൊച്ചി: അലൻവാക്കറുടെ ഡി.ജെ പാർട്ടിക്കിടെയുണ്ടായ കൂട്ട മൊബൈൽ മോഷണക്കേസിൽ നാല് പ്രതികളെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെത്തി കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽനിന്ന് ദരിയാഗഞ്ച് സ്വദേശികളായ അതീഖു റഹ്മാൻ (38), വാസിം അഹമ്മദ് (31) എന്നിവരും മുംബൈയിൽനിന്ന് താണെ സ്വദേശി സണ്ണിഭോല യാദവ് (28), ഉത്തർപ്രദേശ് സ്വദേശി ശ്യാംബൽപാൽ എന്നിവരുമാണ് അറസ്റ്റിലായത്. ഡൽഹിയിൽനിന്ന് അറസ്റ്റിലായ പ്രതികളുമായി പൊലീസ് സംഘം കൊച്ചിയിലെത്തി. മുംബൈയിൽ അറസ്റ്റിലായവരെ ഉടൻ എത്തിക്കും.

ഡൽഹി, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നാലുപേർ വീതം അടങ്ങുന്ന രണ്ട് മോഷണസംഘമാണ് കവർച്ചക്ക് പിന്നിലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരേ മോഷണരീതി പിന്തുടരുന്ന പരസ്പര ബന്ധമില്ലാത്ത കവർച്ച സംഘങ്ങളാണിത്. ഡൽഹി സംഘത്തിൽനിന്ന് 20 മൊബൈൽ ഫോണും മുംബൈ സംഘത്തിൽ നിന്ന് മൂന്ന് ഫോണും പിടിച്ചെടുത്തു. ഇതിൽ 15 എണ്ണം ഐഫോണാണ്.

കഴിഞ്ഞ ആറിന് കൊച്ചിയിൽ നടന്ന അലൻവാക്കറുടെ പരിപാടിക്കിടെയാണ് ഐഫോണുകളടക്കം 39ഓളം മൊബൈൽ ഫോൺ മോഷണം പോയത്. രണ്ട് സംഘമായി തിരിഞ്ഞ് മുംബൈ, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ബാക്കി പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ട്. കൊച്ചിയിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോണുകൾ എത്രയെണ്ണം ഇക്കൂട്ടത്തിലുണ്ടെന്ന് പരിശോധിക്കും.

ഡൽഹിയിൽനിന്നുള്ള പ്രതികൾ ആറിന് രാവിലെ ട്രെയിൻമാർഗം കൊച്ചിയിലെത്തി ലോഡ്ജ് എടുത്ത് വൈകീട്ട് അഞ്ചരയോടെ സംഭവസ്ഥലത്തെത്തുകയായിരുന്നു. 2000 രൂപ വീതമുള്ള പാസുകൾ ബുക്ക് ചെയ്താണ് പരിപാടിക്ക് കയറിയത്. മോഷണശേഷം ഏഴിന് രാവിലെ ട്രെയിനിൽ മടങ്ങി. ആറിന് ഉച്ചകഴിഞ്ഞ് വിമാനമാർഗമാണ് മുംബൈ സംഘം കവർച്ചക്ക് എത്തിയത്. പരിപാടിയിൽ കയറി മോഷണം നടത്തി പിറ്റേദിവസം രാവിലെ വിമാനമാർഗം തന്നെ ഇവർ മടങ്ങി.

2022ൽ ബംഗളൂരുവിൽ നടന്ന സമാന മോഷണക്കേസ് ഉൾപ്പെടെ വാസിമിനെതിരെ നാല് കേസുണ്ട്. അതീഖു റഹ്മാനെതിരെ മോഷണം, ചതി, അടിപിടി എന്നിങ്ങനെ എട്ട് കേസുണ്ട്. സണ്ണിഭോല യാദവിനെതിരെ നാലും ശ്യാംബൽപാലിനെതിരെ ഏഴും പഴയ കേസുകളുണ്ട്. മൊബൈൽ ഫോണുകളിൽ ചിലതിന്‍റെ ലൊക്കേഷൻ കണ്ടെത്താനായതും ബംഗളൂരുവിൽ സമാനമോഷണം നടത്തിയ ഒരാൾ ഇക്കൂട്ടത്തിലുണ്ടെന്ന് സ്ഥിരീകരിക്കാനായതും അന്വേഷണത്തിൽ നിർണായകമായി.

സെൻട്രൽ എ.സി.പി സി. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഡൽഹിയിൽ മുളവുകാട് എസ്.എച്ച്.ഒ ശ്യാംകുമാറിന്‍റെയും മുംബൈയിൽ എസ്.ഐ ബിജു ജോണിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Mass mobile phone theft during DJ party: Four accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.