കക്കൂസ് മാലിന്യം തള്ളിയതിന് 2 ലക്ഷം പിഴ; സ്വത്ത് ജപ്തിചെയ്യാൻ കോടതിയെ സമീപിക്കും

കൊടിയത്തൂർ: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരത്തും കുടിവെള്ളസ്രോതസ്സുകൾക്ക് സമീപത്തും തോട്ടിലും കൃഷി ഭൂമിയിലുമുൾപ്പെടെ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്യാനൊരുങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി. രണ്ട് ലക്ഷം രൂപ പിഴചുമത്തിയത് അടക്കാത്ത സാഹചര്യത്തിലാണ് സ്വത്ത് ജപ്തിചെയ്യാൻ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഭരണസമിതി തീരുമാനിച്ചത്.

മാലിന്യം തള്ളിയവരെ കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടുമുറി, നെല്ലിക്കാപറമ്പ് സന്നദ്ധ സേന എന്നിവരുടെ സഹകരണത്തോടെ മുക്കം പൊലീസ് സാഹസികമായി പിടികൂടിയത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി എസ്. ഷാനവാസ് (28), മലപ്പുറം വള്ളുവമ്പ്രം മുസ്‍ലിയാരകത്ത് എം. അഹമ്മദ് ഹുസൈൻ (33), കോഴിക്കോട് കല്ലായി ചക്കുംകടവ് എ.കെ. സക്കറിയ (43) എന്നിവരാണ് പിടിയിലായത്.

വിഷയത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നൽകിയിരുന്നു. തുടർന്ന് ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് എന്തങ്കിലും ബോധിപ്പിക്കാനുണ്ടങ്കിൽ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്ന് പ്രതിയെ അറിയിച്ചിരുന്നു. എന്നാൽ, യാതൊരു മറുപടിയും ലഭിച്ചില്ല. ഇതോടെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 2 ലക്ഷം പിഴ ചുമത്തി സെക്രട്ടറി നോട്ടീസ് അയച്ചു.

നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനകം പിഴ അടക്കണമെന്നും അല്ലാത്തപക്ഷം പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ ജപ്തി ചെയ്ത് പിഴ തുകയും മറ്റ് അനുബന്ധ ചിലവുകളും ഈടാക്കുമെന്നും അറിയിച്ചു. 3 തവണ നോട്ടീസ് നൽകിയെങ്കിലും പിഴ അടക്കാൻ പ്രതി തയ്യാറായില്ല. ഇതോടെയാണ് സ്വത്ത് ജപ്തി ചെയ്യാൻ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.

നേരത്തെ സ്ഥലം സന്ദർശിച്ച ഹെൽത്ത് ഇൻസ്പെക്ടർ മാലിന്യം തള്ളിയത് പകർച്ചവ്യാധികൾ പടരാനും കുടിവെള്ളം മലിനമാവാനും കാരണമാവുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കെ എൽ 10 വൈ 1493 എന്ന വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ലോറിയിലാണ് ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളുന്നതെന്ന് മുക്കം പൊലീസ് കണ്ടെത്തിയിരുന്നു. കൊടിയത്തൂരിലെ ഒരു സ്ഥാപനത്തിൽ നിന്നും കക്കൂസ് മാലിന്യം ശേഖരിച്ചവരുടെ ഫോൺ നമ്പർ സംഘടിപ്പിച്ചാണ് മാലിന്യം തള്ളിയവരെ പിടികൂടിയത്.

പെരിന്തൽമണ്ണയിലെ ഒരു സ്ഥാപനത്തിൽ നിന്നും കക്കൂസ് മാലിന്യം എടുക്കാനുണ്ടന്ന് അറിയിച്ച് അവിടെ എത്തിക്കുകയായിരുന്നു. ആവശ്യപ്പെട്ട പ്രകാരം അഡ്വാൻസ് ഉൾപ്പെടെ ഗൂഗിൾ പേ വഴി നൽകിയാണ് പ്രതികളെ പിടികൂടിയത്. മാലിന്യം തള്ളാനായി എത്തിയ ടാങ്കർ ലോറിയും പിടികൂടിയിരുന്നു.

Tags:    
News Summary - 2 lakh fine for toilet waste dumping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.