File Photo

മുസ്‍ലിം ലീഗ് പോഷകസംഘടനകളിൽ 20 ശതമാനം വനിതാ സംവരണം

മലപ്പുറം: മുസ്‍ലിം ലീഗിന്‍റെ പോഷകസംഘടനകളിൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്ന് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. യൂത്ത് ലീഗും എം.എസ്.എഫും അടക്കമുള്ള സംഘടനകളിലെല്ലാം സംവരണം ഏർപ്പെടുത്തുമെന്നും വനിതാ പ്രാതിനിധ്യം വരുമ്പോൾ വേണ്ട ക്രമീകരണങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മഞ്ചേരിയിൽ നടന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.എം.എ. സലാം.

ഹരിത വിഷയം യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല. അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണ്. വീണ്ടും അത് തുറക്കാൻ ശ്രമിച്ചാൽ നടക്കില്ല. യോഗത്തിൽ ഒരു തരത്തിലുമുള്ള അപശബ്ദവും അപസ്വരവുമുണ്ടായില്ല. ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാനാണ് യോഗത്തിൽ തീരുമാനമായിട്ടുള്ളതെന്നും ലീഗിൽ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപസമിതി തയാറാക്കിയ പ്രവർത്തന നയരേഖ പ്രവർത്തക സമിതി അംഗീകരിച്ചു. ഭാവി പ്രവർത്തനത്തിനുള്ള രൂപരേഖയാണിത്. ജില്ലകളിലും ജില്ല പ്രവർത്തന സമിതികൾ വിളിക്കും. ജില്ലതലത്തിൽ പാർട്ടിയെ ശാക്തീകരിക്കുകയായിരിക്കും ആദ്യ കർമപരിപാടി. താഴേത്തട്ടിലുള്ള ഘടകങ്ങളുമായി നേതൃത്വം ചർച്ച നടത്തും. പാർട്ടിയിലെയും മുന്നണിയിലെയും പ്രശ്‌നപരിഹാരമായിരിക്കും ഇതുവഴി ലക്ഷ്യമിടുന്നതെന്നും സലാം അറിയിച്ചു.

തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ 12 മണ്ഡലങ്ങളിൽ രണ്ടംഗ കമീഷനുകളെ ചുമതലപ്പെടുത്തി. ഓരോ മണ്ഡലത്തിലും രണ്ടുപേർ വീതമായിരിക്കും സമിതിയിലുണ്ടായിരിക്കുക. സിറ്റിങ് എം.എൽ.എയും മറ്റൊരാളും സമിതി അംഗമാകും. പാർട്ടി അച്ചടക്കം പ്രധാനമാണ്. അച്ചടക്ക സമിതി ജില്ലകളിലും വരും. മുസ്‍ലിം ലീഗ് വക്താക്കളുണ്ടാകും. ഔദ്യോഗിക പ്രതികരണങ്ങൾക്ക് ചുമതലപ്പെടുത്തിയവരുണ്ടാകും. ലീഗിലെ വിവാദങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും യോഗത്തിൽ കോൺഗ്രസ് വിമർശനമുണ്ടായിട്ടില്ലെന്നും കോൺഗ്രസിലെ പ്രശ്‌നങ്ങൾ തീർക്കാൻ കോൺഗ്രസിനാകുമെന്നും പി.എം.എ. സലാം പറഞ്ഞു.

Tags:    
News Summary - 20 per cent reservation for women in Muslim League affiliated organizations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.