സ്ത്രീസമത്വ പരാമര്‍ശം: പുകമറ സൃഷ്ടിക്കരുത് –കാന്തപുരം


കോഴിക്കോട്: സ്ത്രീസമത്വവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ പുകമറ സൃഷ്ടിക്കരുതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. തീവ്ര സ്ത്രീവാദത്തിനും സ്ത്രീവിരുദ്ധതക്കും ഇടയില്‍ സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നിലപാടുകളാണ് പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.
 വിദ്യാഭ്യാസപരവും സാമൂഹികവുമായ ശാക്തീകരണമാണ് ഇന്ത്യന്‍സാഹചര്യത്തില്‍ സ്ത്രീസമൂഹത്തോട് ചെയ്യേണ്ട നീതി. ഈ അര്‍ഥത്തിലാണ് വിപുലവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങള്‍ സുന്നി പ്രസ്ഥാനത്തിന് കീഴില്‍ നടപ്പാക്കിവരുന്നത്.
 രാജ്യത്തെ സാമൂഹികശ്രേണിയില്‍ സ്ത്രീസമൂഹം ഇന്നും പിന്തള്ളപ്പെട്ടുകൊണ്ടിരിക്കെ, അവര്‍ക്ക് സവിശേഷമായി നല്‍കേണ്ട കൈത്താങ്ങിനെയും പരിരക്ഷയെയും കുറിച്ചാണ് സംസാരിച്ചത്.
കുടുംബജീവിതത്തില്‍ സ്ത്രീപുരുഷ ദൗത്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മാതൃത്വത്തിന്‍െറ മാഹാത്മ്യത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇതിനിടയിലാണ് സ്ത്രീകള്‍ക്കുമാത്രമേ പ്രസവിക്കാന്‍ സാധിക്കുകയുള്ളൂ എന്ന സത്യം ഉദ്ധരിച്ചത്. പ്രസവവും സന്താനപരിചരണവും ഭൂമിലോകത്തെ മനുഷ്യകര്‍മങ്ങളില്‍ ഏറ്റവും സുകൃതം നിറഞ്ഞതാണ്.
ഈ പരാമര്‍ശത്തെയാണ് സ്ത്രീ പ്രസവിക്കാന്‍ മാത്രമുള്ളവളാണെന്നാക്കി വളച്ചൊടിച്ചത്. കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കാതെ പ്രതികരിച്ചവര്‍ തെറ്റുതിരുത്തണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.