കാസർകോട്: ദേശീയപതാക താഴ്ത്തി കെട്ടുന്നതിനിടെ പള്ളി വികാരി ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇൻഫന്റ് സെന്റ് ജീസസ് ചർച്ചിലെ വികാരി ഫാ. ഷിൻസ് (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
ദേലംപാടി സെന്റ് മേരീസ് ചർച്ചിലെ വികാരി കൂടിയാണ് ഷിൻസ്. കുർബാന കഴിഞ്ഞ് വൈകീട്ട് ആറുമണിയോടെ മുള്ളേരിയ ചർച്ചിൽ എത്തി ദേശീയപതാക താഴ്ത്തുന്നതിനിടെയാണ് ഷോക്കേറ്റത്.
ദേശീയപതാക കെട്ടിയ ഇരുമ്പ് ദണ്ഡ് ഹൈടെൻഷൻ ലൈനിൽ സ്പർശിക്കുകയായിരുന്നു. ഷോക്കേറ്റ് മറ്റൊരു വികാരി തെറിച്ചുവീണു. ചർച്ചിൽ ഉണ്ടായിരുന്നവർ ഉടൻ മുള്ളേരിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂർ ആലക്കോട് സ്വദേശിയായ ഷിൻസ് എം.ബി.എ വിദ്യാർഥി കൂടിയാണ്. എടൂർ കുടിലിൽ കുടുംബാംഗമായ പരേതനായ അഗസ്റ്റിന്‍റെയും ലിസിയുടെയും മകനാണ്. സഹോദരങ്ങൾ: ലിന്‍റോ, ബിന്‍റോ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് എടൂർ സെന്റ് മേരീസ് ഫെറോന ദേവാലയസെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.