ആത്മാഭിമാനമുള്ളവർ ഉമ്മൻചാണ്ടിയെ ഇറക്കി വിടണം –പിണറായി

തിരുവനന്തപുരം: യു.ഡി.എഫിലും കോൺഗ്രസിലും ആത്മാഭിമാനമുള്ളവർ ഉണ്ടെങ്കിൽ ഈ നിമിഷം ഉമ്മൻചാണ്ടിയെ ഇറക്കി വിടണമെന്നും ആ ആ കടമ ജനങ്ങളെ ഏൽപ്പിക്കരുതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ബിജു രാധാകൃഷ്ണെൻറ മൊഴിയോടെ ഉമ്മൻചാണ്ടിയുടെ തനിനിറം പുറത്തു വന്നിരിക്കകയാണെന്നും പിണറായി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന ബിജു രാധാകൃഷ്ണെൻറ മൊഴിയോടെ ഉമ്മൻചാണ്ടിക്ക് രക്ഷപ്പെടാൻ ഒരു പഴുതും ഇല്ലാതായി. സർക്കാർ അതിഥി മന്ദിരത്തിൽ അടച്ചിട്ട മുറിയിൽ ബിജു രാധാകൃഷ്ണനുമായി  ഉമ്മൻചാണ്ടി രഹസ്യ ചർച്ച നടത്തിയത് ഈ ഇടപാട് സുഗമമാക്കാനാണെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിെൻറ പൂർണ രൂപം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന ബിജു രാധാകൃഷ്ണെൻറ മൊഴിയോടെ ഉമ്മൻചാണ്ടിക്ക് രക്ഷപ്പെടാൻ ഒരു പഴുതും ഇല്ലാതായി.സോളാര്‍കമ്മീഷനുമുന്നിൽ ബിജു രാധാകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തല്‍ വിശ്വസനീയമാകുന്നത്, ഇതേ ബിജു രാധാകൃഷ്ണനുമായി ഉമ്മൻചാണ്ടിക്ക് നേരത്തെ ബന്ധം ഉണ്ട് എന്നതിനാലാണ്.

സർക്കാർ അതിഥി മന്ദിരത്തിൽ അടച്ചിട്ട മുറിയിൽ ബിജു രാധാകൃഷ്ണനുമായി രഹസ്യ ചർച്ച ഉമ്മൻചാണ്ടി നടത്തിയത് ഈ ഇടപാട് സുഗമമാക്കാനാണ്.
സോളാർ തട്ടിപ്പിൽ ഉമ്മൻചാണ്ടി ഒന്നാം പ്രതിയാണ് എന്ന് തുടക്കം മുതൽ തെളിവുകൾ നിരത്തി പ്രതിപക്ഷം പറയുന്നതാണ്.

അന്വേഷണം അട്ടിമറിച്ചും തെളിവുകൾ നശിപ്പിച്ചും പണം ഒഴുക്കി സാക്ഷികളെ സ്വാധീനിച്ചും നഗ്നമായ അധികാര ദുർവിനിയോഗത്തിലൂടെയും രക്ഷപ്പെടാൻ ശ്രമിച്ച ഉമ്മൻചാണ്ടിയുടെ തനിനിറം കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നു. മൂന്ന് ഘട്ടമായാണ് പണം കൈമാറിയതെന്നും ടീം സോളാറിന്റെ വളര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും ലാഭം 60: 40 എന്ന നിലയില്‍ വീതിച്ചെടുക്കാനാണ് ധാരണഉണ്ടാക്കിയതെന്നുമുള്ള ബിജു രാധാകൃഷ്ണന്റെ മൊഴി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എത്രമാത്രംഅധപ്പതിച്ചു എന്നാണു ആവർത്തിച്ചു തെളിയിക്കുന്നത്. തട്ടിപ്പ് മുതലിൽ പങ്കു പറ്റുന്ന മുഖ്യമന്ത്രി കേരളത്തിന്റെയും കേരളീയന്റെയും അഭിമാനത്തിന് തീരാകളങ്കമാണ്. യു ഡി എഫിലും കോണ്ഗ്രസ്സിലും ആത്മാഭിമാനമുള്ളവർ ഉണ്ടെങ്കിൽ ഈ നിമിഷം ഉമ്മൻചാണ്ടിയെ ഇറക്കി വിടണം. ആ കടമ ജനങ്ങളെ ഏൽപ്പിക്കരുത്.

കോണ്‍ഗ്രസ്സ് ഹൈക്കമാന്‍റ് നിലപാട് വ്യക്തമാക്കണം
സാംസ്കാരികമായും ധാര്‍മികമായും അഴുക്കു ചാലില്‍ വീണ  ഭരണരാഷ്ട്രീയത്തിന്‍െറ അസഹ്യ ദുര്‍ഗന്ധമാണ് സോളാര്‍ കമീഷന്‍ തെളിവെടുപ്പില്‍ പുറത്തു വരുന്നത്. സാധാരണ മാനസികാവസ്ഥയുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകാത്ത കാര്യങ്ങളാണ് അന്വേഷണ കമീഷന് മുമ്പാകെ കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും രണ്ടു മന്ത്രിമാര്‍ അടക്കമുള്ള ഭരണനേതൃത്വത്തിലെ ഉന്നതരെ കുറിച്ചും സ്ഫോടനാത്മകമായ വെളിപ്പെടുത്തല്‍ നടത്തിയ ബിജു രാധാകൃഷ്ണന്‍െറ ജീവന്‍ അപായപ്പെടുത്താതിരിക്കാന്‍ പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തണം.

ബിജു രാധാകൃഷ്ണനെ സ്വാധീനിക്കാനും മൊഴി നല്‍കുന്നത് തടയാനും പോലീസിലെ ഉന്നതര്‍ വരെ നിരന്തരം ഇടപെട്ടിട്ടുണ്ട്. ജയില്‍ അതിനു വേദി ആയിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ എന്തും ചെയ്യും എന്നതിന്‍്റെ തെളിവാണത്. അത് തുടരുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ഇപ്പോള്‍ പുറത്തു വന്ന വിഷയത്തില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍റ് നിലപാട് വ്യക്തമാക്കണം. യു.ഡി.എഫ് ഘടകകക്ഷി നേതൃത്വങ്ങള്‍ ഇതിനെ എങ്ങനെ കാണുന്നു എന്നറിയാനും ജനങ്ങള്‍ക്ക് താല്പര്യം ഉണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.