യോഗ്യതയില്ലാത്തയാളെ കാലിക്കറ്റില്‍ പ്രോ-വി.സിയാക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: യോഗ്യതയില്ലാത്ത ജൂനിയര്‍ അധ്യാപകനെ കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രോ -വൈസ് ചാന്‍സലറായി നിയമിക്കാന്‍ നീക്കം.
പത്ത് വര്‍ഷം പോലും അധ്യാപന പരിചയമില്ലാത്തയാളെ  നിയമിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ചാന്‍സലര്‍ക്ക് ശിപാര്‍ശ നല്‍കിയത്. കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗത്തിലെ അസോ. പ്രഫസര്‍ ഡോ. പി. രവീന്ദ്രനെ പി.വി.സിയാക്കാനാണ് ശിപാര്‍ശ. ഇതിനിടെ ഈ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പാനല്‍ സമര്‍പ്പിക്കാന്‍ ഗവര്‍ണറുടെ ഓഫിസ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
സര്‍ക്കാര്‍ പി.വി.സി സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്ത ഡോ. രവീന്ദ്രന്‍ ഡോ. ഇഖ്ബാല്‍ ഹസനൈന്‍ വി.സിയായിരിക്കെയാണ് അധ്യാപകനായി നിയമിക്കപ്പെടുന്നത്. എന്നാല്‍, യോഗ്യതയില്ലാത്തയാളെ റീഡര്‍ തസ്തികയില്‍  നിയമിച്ചെന്ന് കാണിച്ച് പിന്നീട് വന്ന എല്‍.ഡി.എഫ് സിന്‍ഡിക്കേറ്റിന്‍െറ കാലത്ത് ഡോ. രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിടാന്‍ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. എന്നാല്‍,കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ച് സര്‍വിസില്‍ തുടര്‍ന്നു.
പിന്നീട് വി.സിയായി വന്ന ഡോ. അബ്ദുല്‍ സലാമിന്‍െറ കാലത്താണ് നിയമനാംഗീകാരം നല്‍കിയത്. സര്‍വിസില്‍ ജൂനിയറായ അധ്യാപകനെ പി.വി.സിയാക്കുന്നതിനെതിരെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവും സെനറ്റിലും അക്കാദമിക് കൗണ്‍സിലിലും അംഗമായിരുന്ന ഡോ. രവീന്ദ്രന്‍ വെള്ളായിക്കലിന്‍െറ പേര് വെട്ടിയാണ് ജൂനിയറായ ഡോ. പി. രവീന്ദ്രനെ നിയമിക്കാന്‍ ശിപാര്‍ശ സമര്‍പ്പിക്കപ്പെട്ടത്. പ്രഫസര്‍ തസ്തികയിലോ തത്തുല്യ തസ്തികയിലോ പ്രവൃത്തി പരിചയമില്ലാത്തയാളെ നിയമിക്കുന്നത് കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡോ. കെ. മുഹമ്മദ് ബഷീറിനെ വി.സിയായി നിയമിക്കുന്നതിനെതിരെ നീക്കം നടത്തിയെന്ന പേരില്‍ രവീന്ദ്രന്‍െറ നിയമനത്തില്‍ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.