കൊച്ചി: സോളാര്‍ ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയെ മാറ്റില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ആക്ഷേപിക്കാനുള്ള ശ്രമം യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.മാണി മന്ത്രിസ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നാൽ കോടതിയുടെ ചെറിയ പരാമർശത്തെ തുടർന്നു മാന്യതയുടെ പേരിലാണു രാജി വച്ചത്. കെ.ബാബുവിനും കെ.എം.മാണിക്കും രണ്ടു നീതിയല്ല. കോടതി പരാമര്‍ശം എതിരായാല്‍ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ബാബു നേരത്തെ വ്യക്തമാക്കിയതാണെന്നും തങ്കച്ചൻ പറഞ്ഞു.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവഹോളിക്കാനുള്ള ശ്രമത്തെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ഇതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോളർ വിഷയത്തിന്‍റെ പേരിൽ നേരത്തെ നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം മണിക്കൂറുകൾക്കകം നിർത്തേണ്ടി വന്നതിന്‍റെ ജാള്യത മറക്കാനായാണ് പ്രതിപക്ഷം വീണ്ടും സമരത്തിനിറങ്ങുന്നത്. ക്രിമിനൽ കേസിൽ ശിക്ഷ കാത്തു കഴിയുന്ന ബിജു രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തലുകൾ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിപക്ഷ സമരം. നിജസ്ഥിതി അറിയാതെയുള്ള ഈ സമരത്തിൽ പ്രതിപക്ഷത്തെ പല ഘകട കക്ഷികൾക്കും യോജിപ്പില്ലെന്നാണ് അറിയാൻ സാധിച്ചതെന്നും തങ്കച്ചൻ പറഞ്ഞു.
സിഡി കൈവശമുണ്ടെന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. കയ്യിലുള്ള സിഡി ഹാജരാക്കാൻ എന്തിനാണ് ഇനിയും സമയം ആവശ്യപ്പെടുന്നത്. അപ്പോൾതന്നെ അതു കളവാണെന്ന് തെളിഞ്ഞു. കെ.എം.മാണിക്കും കെ.ബാബുവിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ട് വേണ്ടത്ര ഫലിക്കാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിയെ തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം നടക്കുന്നത് -തങ്കച്ചൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.