വിഴിഞ്ഞം പദ്ധതിക്കെതിരെ പരിഷത്തിന്‍െറ കാല്‍നട ജാഥ

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കുവേണ്ടിയുള്ള പുലിമുട്ട് നിര്‍മാണം കേരളത്തിന്‍െറ പടിഞ്ഞാറന്‍ തീരത്ത് വലിയ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്നും കരയ്ക്ക് സമാന്തരമായി കടലിലൂടെ രണ്ടു ദിശയിലുള്ള മണല്‍ ഒഴുക്ക് പുലിമുട്ട് നിര്‍മാണത്തിലൂടെ തടസ്സപ്പെടുമെന്നും ഡോ. ആര്‍.വി.ജി. മേനോന്‍ അഭിപ്രായപ്പെട്ടു.  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിഴിഞ്ഞം പദ്ധതിക്കെതിരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കാല്‍നട ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണല്‍ ഒഴുക്ക് തടസ്സപ്പെടുന്നത് ഒരു ഭാഗത്ത് രൂക്ഷമായ കരയിടിച്ചിലിനും മറുഭാഗത്ത് മണല്‍ അടിയുന്നതിനും കാരണമാകും. ഇത് ഭാവിയില്‍ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കും. പദ്ധതി സാമ്പത്തികമായി നഷ്ടമാണെന്ന് സാമ്പത്തിക ക്ഷമതാപഠനങ്ങളില്‍തന്നെ വ്യക്തമായ സ്ഥിതിക്ക് പദ്ധതിയുമായി മുന്നോട്ടുപോകുന്നത് കേരളത്തിന് വന്‍ സാമ്പത്തികബാധ്യത വരുത്തിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷത്ത് നിര്‍വാഹകസമിതി അംഗം ബി. രമേശ് ഉദ്ഘാടനം ചെയ്തു. എ.ജെ. വിജയന്‍, ആര്‍. ശ്രീധര്‍, ആര്‍. അജയന്‍, പരിഷത്ത് ജില്ലാപ്രസിഡന്‍റ് എ. അജയകുമാര്‍, സെക്രട്ടറി സന്തോഷ് ഏറത്ത്, പരിസര വിഷയസമിതി കണ്‍വീനര്‍ എസ്. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.