തിരുവനന്തപുരം: കൊച്ചി ഷിപ് യാര്‍ഡിന്‍െറ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തോടുള്ള എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എന്നാല്‍, ഓഹരികള്‍ വിറ്റഴിച്ച് പുതിയ പദ്ധതികള്‍ക്കായി നിക്ഷേപിക്കുമെന്ന് കേന്ദ്രം അറിയിച്ച സ്ഥിതിക്ക് അക്കാര്യംകൂടി കണക്കിലെടുക്കുമെന്നും എളമരം കരീമിന്‍െറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.
കൊച്ചി ഷിപ്യാര്‍ഡ് രാജ്യത്തെ ഏറ്റവും മികച്ച പൊതുമേഖലാസ്ഥാപനമാണെന്ന് എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. അവിടെ 3,39,84,000 രൂപയുടെ ഓഹരികളാണ് വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സമാഹരിക്കുന്ന തുക അന്താരാഷ്ട്ര ഷിപ് റിപ്പയര്‍ ഫെസിലിറ്റേഷന്‍ സെന്‍ററും ഡ്രൈ ഡോക്കും അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന നഴ്സുമാര്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാക്കിയതില്‍ ഇളവിന് വീണ്ടും കേന്ദ്രത്തോട്ആവശ്യപ്പെടുമെന്ന് കെ.വി അബ്ദുല്‍ ഖാദറിന്‍െറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന നഴ്സുമാര്‍ വ്യാപക ചൂഷണം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് 18 രാജ്യങ്ങളിലേക്ക് പോകുന്നതിന് കേന്ദ്രം നിബന്ധന ഏര്‍പ്പെടുത്തിയത്. ഇതു നീക്കിക്കിട്ടാന്‍ സംസ്ഥാനം പരമാവധി ശ്രമിച്ചെങ്കിലും ഒരു മാസത്തേക്ക് മാത്രമാണ് അനുമതി നല്‍കിയത്. പലതവണ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാന സര്‍ക്കാര്‍തന്നെ ബദല്‍സംവിധാനം കണ്ടത്തൊനാണ് നിര്‍ദേശം. അതിന് ബന്ധപ്പെട്ട രാജ്യങ്ങള്‍ സഹകരിക്കേണ്ടതുണ്ട്. കുവൈത്ത് മാത്രമാണ് ഇതിനകം സഹകരിക്കാന്‍ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.