മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം; വ്യത്യസ്ത വിശദീകരണവുമായി കേരളഹൗസ്

ന്യൂഡൽഹി: മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2012 ഡിസംബറിൽ നടത്തിയ ഡൽഹി സന്ദർശനത്തെ പറ്റി വ്യത്യസ്ത മറുപടിയുമായി കേരള ഹൗസ് അധികൃതർ. ഡിസംബർ 27ന് ഉമ്മൻചാണ്ടി കേരളാ ഹൗസിൽ താമസിച്ചിരുന്നതായി വിവരാവകാശ രേഖ പറയുന്നു. ദേശീയ വികസന കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു എന്നും പ്രിൻസിപ്പൽ സെക്രട്ടറി ദിനേശ് ശർമയാണ് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നതെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.  

നേരത്തെ കേരള ഹൗസിൽ നിന്ന് ലഭിച്ച വിവരങ്ങൾക്ക് വിരുദ്ധമായാണ് പുതിയ വിശദീകരണം. മുഖ്യമന്ത്രിയും പേഴ്സണൽ സ്റ്റാഫും കേരള ഹൗസിൽ ഔദ്യോഗികമായി താമസിച്ചില്ല എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ആരും തന്നെ കേരള ഹൗസിൽ മുറിയെടുത്തില്ല എന്നും അസിസ്റ്റൻറ് ഡയറക്ടർ ഓഫീസർ വിശദീകരണം നൽകിയിരുന്നു.  

2012 ഡിസംബർ 27ന് സോളാർ കേസ് പ്രതി സരിത എസ്. നായർ മുഖ്യമന്ത്രിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി എന്ന് കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണൻ സോളാർ കമ്മീഷനിൽ മൊഴി നൽകിയിരുന്നു. ഇതടക്കം മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഒരേ വിഷയത്തിൽ രണ്ടുതരത്തിലുള്ള വിശദീകരണം പുറത്തുവന്നിരിക്കുന്നത്.

അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ സുപ്രീംകോടതി യൂണിറ്റ് കൺവീനർ ആർ. സുഭാഷ് ചന്ദ്രനാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തെ പറ്റി വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്. ഡിസംബർ 26, 27, 28, 29 തിയതികളിൽ മുഖ്യമന്ത്രി ഡൽഹിയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിരുന്നോ എന്നായിരുന്നു അപേക്ഷയിലെ ചോദ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.