സാങ്കേതിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ തസ്തിക: ഫയല്‍ മുഖ്യമന്ത്രി മടക്കി

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ തസ്തികകള്‍ സൃഷ്ടിച്ച് സെക്രട്ടേറിയേറ്റില്‍നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നിര്‍ദേശിക്കുന്ന ഫയല്‍ മുഖ്യമന്ത്രി തിരിച്ചയച്ചു. പകരം ഇതര സര്‍വകലാശാലകള്‍ക്ക് സമാനമായരീതിയിലെ തസ്തികകള്‍ നിര്‍ദേശിച്ച് ഫയല്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഫയല്‍ സാങ്കേതിക സര്‍വകലാശാലക്ക് കൈമാറിയിട്ടുണ്ട്.
സെക്രട്ടേറിയറ്റില്‍നിന്ന് വിരമിക്കുന്ന രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സാങ്കേതിക സര്‍വകലാശാലയില്‍ കുടിയിരുത്താനുള്ള നീക്കം മാധ്യമ വാര്‍ത്തയായതോടെയാണ് അംഗീകാരം നല്‍കിയ ഫയല്‍ തിരികെ വിളിച്ച് അനുമതി റദ്ദാക്കിയത്.  
സര്‍വകലാശാലയില്‍ ഡയറക്ടര്‍ (അക്കാദമിക് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍), ഡയറക്ടര്‍ (ഫിനാന്‍സ്) തസ്തികകള്‍ സൃഷ്ടിക്കാനാണ് നീക്കം നടന്നത്.
സെക്രട്ടേറിയറ്റില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ അഡീഷനല്‍ സെക്രട്ടറി റാങ്കില്‍ മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമാണ് ഡയറക്ടര്‍ (അക്കാദമിക് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍) തസ്തികയിലേക്ക് യോഗ്യതയായി നിര്‍ദേശിച്ചത്.
സെക്രട്ടേറിയറ്റില്‍ ഫിനാന്‍സ് വകുപ്പില്‍ ജോയന്‍റ് സെക്രട്ടറി റാങ്കില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയമാണ് ഡയറക്ടര്‍ (ഫിനാന്‍സ്) തസ്തികക്കായി നിര്‍ദേശിച്ചത്.
രണ്ട് തസ്തികകളിലെയും വിരമിക്കല്‍ പ്രായം 60 വയസ്സാക്കാനായിരുന്നു നിര്‍ദേശം.  രണ്ട് വകുപ്പില്‍നിന്നും ഇതേ റാങ്കില്‍നിന്ന് ഏതാനും മാസത്തിനകം വിരമിക്കുന്ന രണ്ട് ഉദ്യോഗസ്ഥരെ സാങ്കേതിക സര്‍വകലാശാലയില്‍ കുടിയിരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു തസ്തിക സൃഷ്ടിക്കല്‍ നീക്കം. നേരത്തേ ഇതര സര്‍വകലാശാലകളില്‍നിന്ന് വ്യത്യസ്തമായ സ്റ്റാഫ് ഘടന അടങ്ങിയ നിര്‍ദേശമാണ് സാങ്കേതിക സര്‍വകലാശാല സര്‍ക്കാറിന് സമര്‍പ്പിച്ചത്.  ആറ് ഡയറക്ടര്‍, എട്ട് ഡെപ്യൂട്ടി ഡയറക്ടര്‍, 12 അസി. ഡയറക്ടര്‍ എന്നിങ്ങനെയായിരുന്നു സര്‍വകലാശാല നിര്‍ദേശിച്ച സ്റ്റാഫ് ഘടന.
എന്നാല്‍, ഇത് സര്‍വകലാശാല ആക്ടിന് വിരുദ്ധമാണെന്നും ഇതര സര്‍വകലാശാലകളിലേതിന് സമാനമായ തസ്തികകള്‍ നിര്‍ദേശിക്കാനും മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരുന്നു.  ഇതത്തേുടര്‍ന്ന് ആറ് ഡയറക്ടര്‍, ഒരു ജോയന്‍റ് രജിസ്ട്രാര്‍, നാല് ഡെപ്യൂട്ടി രജിസ്ട്രാര്‍, എട്ട് അസി. രജിസ്ട്രാര്‍ തസ്തികകള്‍ക്കായി സാങ്കേതിക സര്‍വകലാശാല നിര്‍ദേശം സമര്‍പ്പിച്ചു.
ഈ നിര്‍ദേശത്തിലാണ് രണ്ട് ഡയറക്ടര്‍ തസ്തികകള്‍ സൗകര്യപ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് വെട്ടിത്തിരുത്തി എഴുതിച്ചേര്‍ത്ത് മുഖ്യമന്ത്രിയുടെ പരിഗണനക്ക് സമര്‍പ്പിച്ചത്.   
ഇതര സര്‍വകലാശാലകളിലേതിന് സമാനമായ രീതിയിലെ തസ്തികകളാണ് സാങ്കേതിക സര്‍വകലാശാലയുടെ ചട്ടത്തിലും വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതര സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാങ്കേതിക സര്‍വകലാശാലയിലെ സമാന തസ്തികയിലേക്ക് ഓപ്ഷന്‍ വാങ്ങാനും വ്യവസ്ഥയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.