ധനലക്ഷ്മി ബാങ്ക്: ദുരൂഹ നിലപാടുമായി എ.ഐ.ബി.ഒ.സി ദേശീയ നേതൃത്വം

തൃശൂർ: തൃശൂർ ആസ്ഥാനമായ പഴയ തലമുറ സ്വകാര്യ ബാങ്കായ ധനലക്ഷ്മിയിൽ ജൂൺ 11 മുതൽ രൂപപ്പെട്ട ഗുരുതര പ്രശ്നങ്ങളിൽ ദുരൂഹ നിലപാടുമായി ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി) ദേശീയ നേതൃത്വം. ബാങ്കിലെ ഓഫിസർമാരുടെ പ്രബല സംഘടനയായ ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓർഗനൈസേഷൻ അഫിലിയേറ്റ് ചെയ്തിരിക്കുന്നത് എ.ഐ.ബി.ഒ.സിയിലാണ്. എന്നാൽ, ധനലക്ഷ്മി ബാങ്കിെൻറ കാര്യത്തിൽ കോൺഫെഡറേഷൻ സംസ്ഥാന ഘടകത്തിെൻറ നിലപാടിൽനിന്ന് ഭിന്നമാണ് ദേശീയ നേതൃത്വത്തിെൻറ സമീപനം.

കോൺഫെഡറേഷെൻറ ദേശീയ സീനിയർ വൈസ് പ്രസിഡൻറും ധനലക്ഷ്മി ബാങ്കിൽ സീനിയർ മാനേജറുമായ പി.വി. മോഹനനെ ജൂൺ 11നാണ് അകാരണമായി പിരിച്ചുവിട്ടത്. കോൺഫെഡറേഷൻ സംസ്ഥാന ഘടകം അന്ന് തുടങ്ങിയ പണിമുടക്ക് 33 ദിവസം നീണ്ടു. ബി.എം.എസ് ഒഴികെ തൊഴിലാളി സംഘടനകളും ബി.ജെ.പി ഒഴികെ രാഷ്ട്രീയ കക്ഷികളും പിന്തുണച്ച പണിമുടക്ക് സംസ്ഥാന സർക്കാറിെൻറ ഇടപെടലിലാണ് അവസാനിച്ചത്. ജൂലൈ 14ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പലതും സംഘടനയുടെ സംസ്ഥാന ഘടകത്തിന് രുചിച്ചിട്ടില്ല. ദേശീയ നേതൃത്വമാണ് ചർച്ചയിൽ പങ്കെടുത്തത്.

വ്യവസ്ഥ പ്രകാരം മോഹനെൻറ പിരിച്ചുവിടൽ മരവിപ്പിക്കുകയും രണ്ട് മാസത്തിനു ശേഷം ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്യേണ്ടതായിരുന്നു. ശമ്പളവും അനുവദിക്കണമായിരുന്നു. എന്നാൽ, പിരിച്ചുവിടൽ മരവിപ്പിക്കൽ മാത്രമാണ് സാങ്കേതികമായി നടന്നത്. മാർച്ച് 31ന് സർവിസിൽനിന്ന് വിരമിക്കേണ്ട മോഹനന് 11 മാസത്തോളം ശമ്പളത്തോടെ അവധി എടുക്കാമായിരുന്നു. അത് പരിഗണിച്ചാൽത്തന്നെ ശിഷ്ടകാല വേതനം നൽകാമായിരുന്നു. വ്യവസ്ഥകൾ ബാങ്ക് മാനേജ്മെൻറ് ലംഘിച്ചപ്പോൾ ചോദ്യം ചെയ്തില്ല. പണിമുടക്കുമെന്ന് പലവട്ടം ‘ഭീഷണിപ്പെടുത്തി’യെങ്കിലും ഒന്നുമുണ്ടായില്ല. വെള്ളിയാഴ്ച പ്രഖ്യാപിച്ച പണിമുടക്കാവട്ടെ, ഒരു ഉറപ്പും കിട്ടാതെ പിൻവലിക്കുകയും ചെയ്തു.

ഈമാസം 23, 24 തീയതികളിൽ പണിമുടക്കാനാണ് സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തോട് അഭ്യർഥിച്ചത്. ഉത്സവ കാലത്തെ പണിമുടക്ക് സമ്മർദം ഉണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. മാനേജ്മെൻറ് മോഹനൻ ചെയ്ത കുറ്റമെന്തെന്ന് പറഞ്ഞാലും മതിയെന്ന നിലപാടിലാണ് സംസ്ഥാന ഘടകം. ദേശീയ നേതൃത്വത്തിന് ധനലക്ഷ്മി ബാങ്കും അതിലെ സംഘടനയും കാര്യപ്പെട്ടതല്ലെന്ന വികാരവും ശക്തമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.