ചന്ദ്രബോസ് വധക്കേസ്: നിസാം കുറ്റം നിഷേധിച്ചു

തൃശൂർ: ചന്ദ്രബോസ് വധക്കേസ് വിചാരണക്കിടെ പ്രതി മുഹമ്മദ് നിസാം കുറ്റം നിഷേധിച്ചു. തന്‍റെ വാഹനം ചന്ദ്രബോസിനെ ഇടിച്ചതാെണന്ന് കോടതിയിൽ സമ്മതിച്ചുവെങ്കിലും ഇത് മന:പൂർവമല്ലെന്നാണ് നിസാമിന്‍റെ വാദം. സംഭവസ്ഥലത്തുണ്ടായിരുന്ന ഹമ്മർ വാഹനം തന്‍റേത് തന്നെയാണ്. എന്നാൽ താൻ ചന്ദ്രബോസിനെ ആക്രമിക്കുകയോ മർദിക്കുകയോ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയോ ചെയ്തിട്ടില്ല. ചന്ദ്രബോസിനെ ആക്രമിച്ചുവെന്ന സാക്ഷിമൊഴികൾ കള്ളമാണ്. ചന്ദ്രബോസും അനൂപും ചേർന്ന് തന്നെ ആക്രമിക്കുകയാണുണ്ടായതെന്നും നിസാം പറഞ്ഞു.

തന്‍റെ ഭാര്യ സംഭവസ്ഥലത്ത് വന്നതും ചന്ദ്രബോസിനെ കാറിൽ കയറ്റിക്കൊണ്ട് പോയി എന്നതും ശരിയാണ്. എന്നാൽ അത് വലിച്ചിഴച്ചായിരുന്നില്ല. അവിടെ തർക്കമോ കയ്യേറ്റമോ ഉണ്ടായിട്ടില്ല. മർദിക്കാൻ ഉപയോഗിച്ചതാണെന്ന് പറഞ്ഞ് കോടതിയിൽ കാണിച്ച ബാറ്റൺ താൻ ഉപയോഗിച്ചിട്ടില്ല. സെക്യൂരിറ്റി കാബിൻ അടിച്ചു തകർകയോ സാധനങ്ങൾ വാരിവലിച്ചിടുകയോ ചെയ്തിട്ടില്ല. ഇത്തരം സാക്ഷിമൊഴികൾ കള്ളമാണ് എന്നും നിസാം കോടതിയിൽ പറഞ്ഞു. തൃശൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതി നിസാമിനെ ചോദ്യംചെയ്യൽ തുടരുകയാണ്.

കേസിൽ വിചാരണ നടപടികൾ നിർത്തി വെക്കണം എന്നാവശ്യപ്പെട്ട് നേരത്തേ നിസാം ഹൈകോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് കെമാൽ പാഷയുടെ ബെഞ്ചിലുള്ള കേസ് ഈ മാസം ഏഴിന് ജസ്റ്റിസ് അവധിയായതിനാൽ ജസ്റ്റിസ് കെ. രാമകൃഷ്ണപ്പിള്ളയാണ് കേസ് പരിഗണിച്ചത്. നിസാമിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

എന്നാൽ, പിറ്റേന്ന് സർക്കാരിന്‍റെ ആവശ്യപ്രകാരം അവധി കഴിഞ്ഞെത്തിയ ജസ്റ്റിസ് കെമാൽ പാഷ കേസ് വീണ്ടും പരിഗണിച്ചു. സുപ്രീംകോടതി നീരീക്ഷണത്തിലുള്ള കേസാണിത്. ജനുവരി 31നകം വിധി പറയണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ നിസാമിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് സ്റ്റേ ആവശ്യം കോടതി തള്ളി. ഇതേ തുടർന്നാണ് ഇന്ന് സെഷൻസ് കോടതിയിൽ നിസാമിന്‍റെ വിചാരണ ആരംഭിച്ചത്.

സാധാരണ നടപടിക്രമങ്ങളിൽ നിന്നും വിഭിന്നമായി കോടതിനടപടികൾ ഇന്ന് പത്ത്മണിക്ക് തന്നെ ആരംഭിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.