മുനമ്പം: ചരിത്രം പരിശോധിച്ചാൽ എൽ.ഡി.എഫ് ബുദ്ധിമുട്ടും -പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തിന്‍റെ പഴയ ചരിത്രത്തിലേക്ക് പോയാൽ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിനാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് 2009ൽ നിയോഗിച്ച നിസാര്‍ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭൂമി പിടിച്ചെടുക്കണം എന്ന് തീരുമാനിച്ചത്. സര്‍ക്കാര്‍ രമ്യമായ പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ പരിഹാരമുണ്ടാക്കാൻ മുന്നിട്ടിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി പറഞ്ഞത്:

വർ​ഗീയ വിഭജനമുണ്ടാക്കാൻ വേണ്ടി ഉപയോ​ഗിക്കുന്ന വിഷയമാണിത്. അത് കേരളത്തിന്റെ നല്ല അന്തരീക്ഷത്തിന് ചേര്‍ന്ന കാര്യമല്ല. മുസ്‌ലിം സംഘടനകള്‍ യോഗം കൂടി ഇക്കാര്യം വ്യക്തമാക്കിയതാണ്. സാങ്കേതികത്വത്തിലേക്ക് പോകാതെ മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അതുമായി സഹകരിക്കാമെന്നും അവർ പറഞ്ഞിരുന്നു. അതില്‍ എല്ലാമുണ്ട്. ഇനി അതിന്റെ സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടിനെ വാർത്താ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്.

വിഷയത്തിലെ പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിനാണ്. കാരണം, ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് 2009ലാണ് ഈ പ്രശ്‌നം വരുന്നത്. നിസാര്‍ കമ്മിഷനെ നിയോ​ഗിച്ചത് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്താണ്. ആ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി പിടിച്ചെടുക്കണം ഏറ്റെടുക്കണം എന്ന് തീരുമാനിച്ചത്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുണ്ടായ നടപടികളൊക്കെ. വഖഫ് ബോർഡ് ചെയർമാൻമാരൊക്കെ മാറി വന്നിട്ടുണ്ടാകും.

മുസ്‌ലിം സംഘടനകളുടെ യോഗം ചേർന്നിട്ട് രമ്യമായി അത് പരിഹരിക്കണം, അതിന് സർക്കാർ മുൻകൈ എടുക്കണം. ഇടയ്ക്ക് ഓരോരുത്തര്‍ പറയുന്ന പ്രസ്താവനകള്‍ വെച്ച് കേരളത്തില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ഉണ്ടാക്കുന്ന പരിപാടികള്‍ നടത്തരുത്‌. തെരഞ്ഞെടുപ്പുമായി നിലപാടിന് യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ലീഗിന്റെ നിലപാട് അവിടെ രമ്യമായ പരിഹാരം വേണമെന്ന് തന്നെയാണ്.

സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഇപ്പോള്‍ അജണ്ടയിലുള്ള വിഷയം, അവിടുത്തെ ബിഷപ്പുമാരുമായി അവസരം ലഭിച്ചാല്‍ സംസാരിക്കണമെന്നാണ്. ആ നിലയിലേക്ക് കാര്യങ്ങള്‍ നീക്കുന്നുണ്ട്. സര്‍ക്കാര്‍ രമ്യമായ പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. പരിഹാരമുണ്ടാക്കാനാകുന്ന വിഷയമാണിത്. എന്തിനാണ് വെറുതെ ഈ വിഷയം എടുത്ത് സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്നത്. ഓരോരുത്തര്‍ മുനമ്പത്ത് വന്ന് വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുകയാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Full View


Tags:    
News Summary - pk kunhalikutty about munambam waqf land issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.