ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബി.എസ്.എൻ.എൽ

ശബരിമല: തിരുവതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തർക്ക് കണക്ട്വിറ്റിനെറ്റ്വർക്ക് ഉറപ്പാക്കാൻ ബി.എസ്.എൻ.എൽ. ഒരു സിമ്മിൽ അര മണിക്കൂർ വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാണ് സൗകര്യമൊരുക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പമ്പയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബി.എസ്.എൻ.എൽ.ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ജ്യോതിഷ്‌കുമാർ, ജെ.ടി.ഒ അഭിലാഷ് എന്നിവർ പങ്കെടുത്തു. നിലയക്കൽ മുതൽ സന്നിധാനം വരെ 48 ഇടങ്ങളിൽ വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിച്ചതായി ബി.എസ്.എൻ.എൽ ശബരിമല ഓഫീസ് ഇൻ ചാർജ് എസ്.സുരേഷ് കുമാർ പറഞ്ഞു.

തിരുവതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ നെറ്റ്വർക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ശബരിമല പാതയിൽ 4ജി ടവറുകളും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. അതിവേഗ ഇൻറർനെറ്റ് കണക്ഷൻ വഴി ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളെയും സേവനങ്ങളെയും കൂടുതൽ ഏകോപിപ്പിക്കാനും ഇതുവഴി കഴിയും.

ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബി.എസ്.എൻ.എൽ

ബി.എസ്.എൻ.എല്ലിൻറെ വൈ-ഫൈ സേവനം ലഭിക്കാൻ ഫോണിലെ വൈ-ഫൈ ഓപ്ഷൻ ആദ്യം ഓണാക്കുക. ഇതിന് ശേഷം സ്‌ക്രീനിൽ കാണിക്കുന്ന ബി.എസ്.എൻ.എൽ വൈ-ഫൈ (BSNL WiFi) അല്ലെങ്കിൽ ബി.എസ്.എൻ.എൽ.പി.എം.വാണി(bsnlpmwani) എന്ന നെറ്റ്വർക്ക് ഓപ്ഷൻ സെലക്ട് ചെയ്യുക. കണക്ട് ചെയ്യുമ്പോൾ തുറന്നുവരുന്ന വെബ്പേജിൽ പത്ത് അക്ക മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് Get PIN ക്ലിക്ക് ചെയ്യുക. ഫോണിൽ എസ്.എം.എസ് ആയി ലഭിക്കുന്ന ആറക്ക പിൻ നമ്പർ എന്റർ ചെയ്താൽ ഉടനടി ബി.എസ്.എൻ.എൽ വൈ-ഫൈ ലഭിക്കും.

300 എം.ബി.പി.എസ് വരെ വേഗം ലഭിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റിയാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും വിന്യസിച്ചിരിക്കുന്നത്. ബി.എസ്.എൻ.എൽ. അടുത്തിടെ തുടങ്ങിയ എഫ്.ടി.ടി.എച്ച്. റോമിങ് സൗകര്യം ഉപയോഗിച്ച് വീട്ടിലെ കണക്ഷൻ ഉപയോഗിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനും കഴിയും.

News Summary - BSNL has provided free Wi-Fi facility at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.