പനമരം (വയനാട്): പഠിക്കാനുള്ള ആഗ്രഹം മാത്രം പോരാ ഈ കുട്ടികൾക്ക്, അടിയൊഴുക്കുള്ള പുഴ മുറിച്ചുകടക്കാനുള്ള മനക്കരുത്തും വേണം. പനമരത്ത് നിന്ന് നാലു കിലോമീറ്റർ അകലെയുള്ള ബസ്തിപൊയിലിലെ കുട്ടികളാണ് പാലമില്ലാത്തതിനാൽ ദുരിതം പേറുന്നത്. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ കയറിയാണ് കുരുന്നുകൾ പനമരം, ഏച്ചോം എന്നിവിടങ്ങളിലെ സ്കൂളിലെത്തുന്നത്.
കുട്ടികൾ തിരിച്ചെത്തുന്നതുവരെ ആധിപിടിച്ച മനസ്സുമായി കാത്തിരിക്കാനാണ് ഇവരുടെ അമ്മമാർക്ക് വിധി. വർഷങ്ങളായി തുടരുന്ന അപകടയാത്ര എന്ന് അവസാനിക്കുമെന്ന് ആർക്കും നിശ്ചയമില്ല. പനമരം പഞ്ചായത്തിലെ പുഴയോര ഗ്രാമമാണ് നീരട്ടാടിക്കടുത്ത ബസ്തിപൊയിൽ. പനമരം പുഴ കടന്നുവേണം പ്രദേശത്തുള്ളവർക്ക് നീരട്ടാടി റോഡിലെത്താൻ. നീരട്ടാടി കടവ് കടക്കാൻ പതിറ്റാണ്ടുകളായുള്ള രീതിയാണ് മുളകൾ കൂട്ടിയുണ്ടാക്കിയ പാണ്ടിച്ചങ്ങാടം.
ദിവസവും 70ഓളം കുട്ടികൾ ചങ്ങാടത്തിൽ കയറിയാണ് പുഴ കടക്കുന്നത്. കടവിനടുത്ത രമണിയേടത്തിയാണ് ചങ്ങാടം തുഴയുക. ഇതിന് ഇവർ പ്രതിഫലം വാങ്ങാറില്ല. കുട്ടികൾ സുരക്ഷിതമായി സ്കൂളിൽ പോകണമെന്ന ചിന്തയാണ് രമണിയെ ഇതിന് പ്രേരിപ്പിക്കുന്നത്. നാട്ടുകാർ പിരിവിട്ടാണ് ചങ്ങാടം ഉണ്ടാക്കിയത്. മഴക്കാലമായാൽ പുഴയിൽ ശക്തമായ ഒഴുക്കാകും. അപ്പോൾ ബസ്തിപൊയിൽ ഒറ്റപ്പെട്ട അവസ്ഥയിലാകും. കുട്ടികളുടെ പഠനവും മുടങ്ങും. ഒരു നടപ്പാലമാണ് നാട്ടുകാർ സ്വപ്നം കാണുന്നത്. അതെന്നുണ്ടാകുമെന്ന കാര്യത്തിൽ ആർക്കും നിശ്ചയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.