പേരാമ്പ്ര: രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചത് മുസ്‍ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പി.ബി അംഗം എ. വിജയരാഘവന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജി. എ. വിജയരാഘവന്‍ വർഗീയ രാഘവനാണെന്ന് കെ.എം ഷാജി പറഞ്ഞു.
വാ തുറന്നാൽ വർഗീയത അല്ലാതെ ഒന്നും പറയാൻ അറിയില്ല. ആർ.എസ്.എസ് പോലും പറയാൻ മടിക്കാത്ത വർഗീയതയാണ് വിജയരാഘവൻ പറയുന്നത്. മുസ് ലിം ലീഗ് ആണ് അവർക്ക് പ്രശ്നം. ലീഗിനെ എങ്ങനെ നന്നാക്കി എടുക്കാമെന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരും.
'ലീഗും മുസ് ലിംകളും മാത്രം നന്നായാൽ മതിയോ?. ഈ നാടിന്‍റെ മണ്ണിന് ഒരു ചരിത്രമുണ്ട്. മുസ് ലിംകളും ഹിന്ദുക്കളും അടക്കമുള്ള മനുഷ്യർ എത്ര സ്നേഹത്തോടെ ഒരുമിച്ച് കഴിയുന്ന നാടാണ് കേരളം. വർഗീയത ഉണ്ടാക്കിയാൽ നിങ്ങൾക്ക് നാളെ പത്ത് വോട്ട് കിട്ടാം. അതിന് ശേഷവും ഇവിടെ നാട് നിൽക്കേണ്ടേ?. നമ്മുടെ മക്കൾക്ക് ഇവിടെ ജീവിക്കേണ്ടേ?. വിജയരാഘവൻ അടക്കമുള്ളവർ നടത്തുന്ന വർഗീയ കളിക്കെതിരെ വരുന്ന തെരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടി നൽകും'. -കെ.എം ഷാജി വ്യക്തമാക്കി.
വയനാട്ടിൽ 175ലധികം ബൂത്തുകളിൽ രണ്ടാം സ്ഥാനത്ത് ആർ.എസ്.എസ് ആണ്. ലീഗിനെ മര്യാദ പഠിപ്പിക്കാൻ വരുമ്പോൾ സി.പി.എം അനുയായികൾ ആർ.എസ്.എസിലേക്ക് പോവുകയാണെന്ന് കെ.എം ഷാജി വ്യക്തമാക്കി.
'മുസ് ലിം വോട്ട് കിട്ടാനുള്ള എല്ലാ കളികളും കളിച്ചു. സമസ്തയിൽ പിളർപ്പുണ്ടാക്കാൻ നോക്കി. ലീഗിനെ മുസ് ലിം സംഘടനക്കുള്ളിൽ എതിരാക്കാൻ ശ്രമിച്ചു. എൻ.ആർ.സി സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു. സിറാജിലും സുപ്രഭാതത്തിലും പരസ്യം നൽകി.
സദ്ദാമിന്‍റെ പേര് പറഞ്ഞാൽ മുസ് ലിം വോട്ട് കിട്ടില്ലെന്ന് ഇപ്പോൾ സി.പി.എമ്മിന് മനസിലായി. ഹിന്ദു വോട്ട് കേന്ദ്രീകരിച്ച് പുതിയ വർഗീയത കളിക്കാൻ സി.പി.എം ശ്രമിക്കുകയാണ്. കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആർ.എസ്.എസ് ശാഖയിൽ പോയി നിൽക്കുന്നതാണ് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന് നല്ലത്'. - കെ.എം ഷാജി ചൂണ്ടിക്കാട്ടി.
സി.പി.എം വയനാട് ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് സി.പി.എം പി.ബി അംഗമായ എ. വിജയരാഘവന്‍റെ വിവാദ പരാമർശം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഡൽഹിയിൽ എത്തിയത് മുസ്‍ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നാണ് വിജയരാഘവൻ പറഞ്ഞത്.
അവരുടെ പിന്തുണ ഇല്ലെങ്കിൽ രാഹുൽ ഗാന്ധി ജയിക്കുമായിരുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഓരോ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ, തീവ്രവാദ ഘടകങ്ങൾ ആയിരുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.