ചന്ദ്രബോസ് വധം: മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിഭാഗം സാക്ഷിപ്പട്ടിക അംഗീകരിക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച കോടതി തീര്‍പ്പ് കല്‍പിക്കും. മാധ്യമ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഒന്നാം സാക്ഷി അനൂപും ഉള്‍പ്പെടെ 25 പേരെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച സാക്ഷിപ്പട്ടികയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇതുസംബന്ധിച്ച് ആക്ഷേപം എഴുതി നല്‍കുകയും ചെയ്തു.
സാക്ഷിപ്പട്ടികയില്‍ വെള്ളിയാഴ്ച വിചാരണക്കോടതിയായ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വാദം നടന്നു. പ്രതിഭാഗം സമര്‍പ്പിച്ച സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഏഴുപേരെ വിസ്തരിക്കാനാണ് പ്രോസിക്യൂഷന്‍ അനുകൂല നിലപാടെടുത്ത്. മാധ്യമ പ്രതിനിധികളെ വിസ്തരിക്കാന്‍ അനുവാദം നല്‍കിയാല്‍ സമാന്തര മാധ്യമ വിചാരണ നടക്കുന്നുവെന്ന ആരോപണത്തിന് സാധൂകരണമാവുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മാധ്യമ വിചാരണ നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമ പ്രതിനിധികളെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തുറന്ന കോടതിയിലാണ് നടപടിക്രമങ്ങള്‍ നടക്കുന്നത്.  മാധ്യമങ്ങള്‍ക്കെതിരെ നിരവധി തവണ പ്രതിഭാഗം ആക്ഷേപം ഉന്നയിച്ചപ്പോള്‍ കോടതി നിരസിച്ചതാണെന്ന് തടസ്സവാദം ഉന്നയിച്ച് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ഹമ്മര്‍ കാറിന്‍െറ ടയര്‍ പരിശോധിക്കാനുള്ള വിദഗ്ധനായി ഉള്‍പ്പെടുത്തിയ 13ാം സാക്ഷി ടയര്‍ ഡീലറാണെന്നും വിശദാംശങ്ങള്‍ നല്‍കാന്‍ ഇയാള്‍ പ്രാപ്തനല്ളെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബൈപോളാര്‍ രോഗത്തിന് നിസാമിനെ ചികിത്സിച്ചിരുന്നതായി അവകാശപ്പെട്ട് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ ഡോ. സെയ്ത് മുഹമ്മദിനെ സാക്ഷിയാക്കിയതിലും പ്രോസിക്യൂഷന്‍ എതിര്‍പ്പ് വ്യക്തമാക്കി. രോഗം സംബന്ധിച്ച് രേഖകളോ ചികിത്സയുടെ വിശദാംശങ്ങളോ മുമ്പൊരിക്കലും കോടതിയില്‍ ഹാജരാക്കിയിട്ടില്ളെന്നിരിക്കെ ഈ ആവശ്യം അനുവദിക്കാനാവില്ല. 19ാം സാക്ഷിയായി കേരളത്തിന് പുറത്തുനിന്നുള്ള ഡോക്ടറെ കൊണ്ടുവരുന്നതും പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇതിനിടെ, 16, 17 സാക്ഷികളായി ഉള്‍പ്പെടുത്തിയ ബംഗളൂരുവിലെ ഡോക്ടര്‍മാരെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ പ്രതിഭാഗം തന്നെ കോടതിയില്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.