‘ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്’; മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് ശശി തരൂർ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് ശശി തരൂർ എം.പി. ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നതെന്നും താങ്കൾ ചരിത്രത്തോടാണെന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

മൻമോഹൻ ചരിത്രത്തിന് മുൻപേ നടന്ന ആളാണ് അദ്ദേഹത്തിന്റെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ കഴിഞ്ഞെന്നും ശശി തരൂർ വ്യക്തമാക്കി.

ശശി തരൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഡോ. മൻമോഹൻ സിംഗ്, ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്...

വ്യാജചരിത്ര നിർമിതികൾ പരത്തുന്ന ഇരുട്ടിൽ സത്യത്തിൻ്റെ കെടാവിളക്കുകൾ തെളിയിച്ച്, അംബരചുംബിയായൊരു ദീപസ്തംഭമായി ,അങ്ങ് ചരിത്രത്തിനു വഴി കാട്ടുന്നു. താങ്കൾ ചരിത്രത്തിനു മുമ്പേ നടന്നയാളാണ്...

ഡോ. സിംഗ്, താങ്കൾ ഞങ്ങളെ സാമ്പത്തിക വിപ്ലവത്തിൻ്റെ വഴിയിലൂടെ നയിച്ചു. അങ്ങയുടെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ താങ്കൾക്ക് കഴിഞ്ഞു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും, ഭക്ഷ്യ ഭദ്രതാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും , വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ഞങ്ങളെ ശാക്തീകരിച്ചു.

ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, താങ്കൾ ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നു. അങ്ങയുടെ സാമ്പത്തിക മാന്ത്രികതയിൽ സർവ മേഖലയിലും ഇന്ത്യ കുതിച്ചുയർന്നപ്പോൾ ലോകനേതാക്കൾ അങ്ങയെ ആരാധനയോടെ കണ്ടു. സൗമ്യതയോടെ അതിവൈകാരികതയില്ലാതെ ഇന്ത്യയെ മുന്നോട്ടുനയിച്ച മൃദുഭാഷിയെങ്കിലും ദൃഢചിത്തനായ രാഷ്ട്രനേതാവായിരുന്നു താങ്കൾ.

അങ്ങു നയിച്ച മന്ത്രിസഭയിൽ രണ്ടു തവണയായി മൂന്നു വർഷക്കാലം അങ്ങയുടെ സഹപ്രവർത്തകനായിരുന്ന എനിക്ക് താങ്കൾ വഴികാട്ടിയായിരുന്നു. ഇന്ത്യക്കു ഗുണകരമായ തീരുമാനങ്ങൾ എത്ര ശക്തമായ എതിർപ്പുണ്ടായിട്ടും മാറ്റാതെ ഒരു മഹാമേരുവായി ഉറച്ചുനിന്നു നടപ്പിലാക്കിയ ഡോ. സിംഗ് താങ്കളാണ് കരുത്തനായ പ്രധാനമന്ത്രി.

അനേകം മഹായുദ്ധങ്ങൾ ജയിക്കുന്നതിലും ഉന്നതമായിരുന്നു അങ്ങു നമുക്കായി നേടിയ സാമ്പത്തിക യുദ്ധവിജയം. ശത കോടിക്കണക്കിനു മനുഷ്യരെ ദരിദ്ര്യരേഖയ്ക്കു മുകളിലേക്ക് കൈപിടിച്ചുയർത്തിയ അങ്ങയോട് അന്നത്തെ മാധ്യമങ്ങളും പ്രതിപക്ഷവും ജനങ്ങളും നീതി കാണിച്ചില്ല. കൂരമ്പുകൾ ഒന്നൊന്നായി നെഞ്ചിലേൽക്കുമ്പോഴും അങ്ങ് സ്വന്തം കർത്തവ്യത്തിൽ മാത്രം മുഴുകി.

വാചാലമായ എത്രയെത്ര പത്രസമ്മേളനങ്ങൾ, എങ്കിലും അങ്ങയെ അവർ മൗനി എന്നുവിളിച്ചു. കരുത്തുറ്റ അനേകം തീരുമാനങ്ങൾ എടുത്തുവെങ്കിലും അവർ താങ്കളെ ദുർബലൻ എന്നു വിളിച്ചു. ജനാധിപത്യം സാഹോദര്യം, പുരോഗമനം എല്ലാം തികഞ്ഞൊരു ഭരണാധികാരിയായിരുന്നു താങ്കൾ. കാലവും ചരിത്രവും സാക്ഷി പറയുന്നു ...

താങ്കളായിരുന്നു ശരി എന്ന്... നൻമ നിറഞ്ഞ ശരി....

പ്രണാമം ഡോ. മൻമോഹൻ സിംഗ്

അതേസമയം, 2014 ജനുവരി മൂന്നിന് പ്രധാനമന്ത്രി എന്ന നിലയിൽ നടത്തിയ അവസാന വാർത്താസമ്മേളനത്തിൽ ഡോ. മൻമോഹൻ സിങ് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ വിയോഗാനന്തരം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമകാലിക മാധ്യമങ്ങളെക്കാളും പാർലമെന്റിലെ പ്രതിപക്ഷ പാർട്ടികളെക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നുവെന്നാണ് മൻമോഹൻ സിങ് പറഞ്ഞത്.

തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത ദുർബലനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന രീതിയിലെ ചോദ്യത്തോടാണ് അദ്ദേഹം പുഞ്ചിരിയോടെ ഇത്തരത്തിൽ മറുപടി നൽകിയത്.

മന്ത്രിസഭ യോഗത്തിലെ എല്ലാ കാര്യങ്ങളും തനിക്ക് പുറത്തുപറയാൻ കഴിയില്ലെന്നും സഖ്യ രാഷ്ട്രീയത്തിന്റെ നിർബന്ധിതാവസ്ഥ കണക്കിലെടുത്തത് കഴിയുന്നത്ര മികച്ച രീതിയിൽ എല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ കഴിവുകെട്ടവനായി ചിത്രീകരിക്കാനുള്ള ശ്രമത്തോട് കൂടുതലായി അദ്ദേഹം പ്രതികരിക്കാൻ നിന്നില്ല.

Tags:    
News Summary - Shashi Tharoor Condolence to Manmohan Singh Demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.