ബാങ്ക് ഉദ്യോഗസ്​ഥരുടെ സഹായത്തോടെ വായ്പാ തട്ടിപ്പെന്ന് സർക്കാർ

തിരുവനന്തപുരം: ബാങ്ക് ഉദ്യോഗസ്ഥരും ലോൺ മാഫിയകളും ചേർന്ന് വായ്പാ തട്ടിപ്പ് നടത്തുന്നതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ സർക്കാർ. സ്ഥലവില കൂടിയ പ്രദേശങ്ങളിലാണ് ദരിദ്രരുടെ ഭൂമി ഈട് വാങ്ങിയുള്ള അവിഹിത ഇടപാടുകൾ നടക്കുന്നത്. ഇതുവഴി വല്ലാർപാടം പോലെയുള്ള പ്രദേശങ്ങളിൽ അഞ്ച് സെൻറ് വരെയുള്ള ദലിത്–ദരിദ്ര കുടുംബങ്ങൾ വായ്പാ തട്ടിപ്പിന് ഇരയാകുന്നതായും പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് സമിതിയെ അറിയിച്ചു.

ബാങ്ക് വായ്പ നിഷേധിക്കപ്പെട്ട് കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവരെ രക്ഷിക്കാനെന്ന നാട്യത്തിലാണ് ലോൺ മാഫിയാ സംഘം സമീപിക്കുക. ആധാരം കൈക്കലാക്കി ഭീമമായ തുക വായ്പ എടുക്കുകയും ഉടമക്ക് തുച്ഛമായ തുക നൽകുകയും ചെയ്യുന്ന ‘ക്ലബിങ്’ എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് ഇഷ്ടം പോലെ വായ്പ നൽകുന്ന നയമാണ് തട്ടിപ്പിന് കാരണമാകുന്നത്. സർഫാസി നിയമ പ്രകാരം സിവിൽ കോടതികളെ സമീപിക്കാനാവില്ല. ബാങ്കുകൾക്കു വേണ്ടി കടം പിരിച്ചെടുക്കാൻ സ്ഥാപിതമായ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിക്കാൻ മാത്രമാണ് പരാതിക്കാർക്ക് കഴിയുക. ഇതു തട്ടിപ്പിന് ഇരയായവർക്ക്  നീതി നിഷേധിക്കുന്നതിനും റിയൽ എസ്റ്റേറ്റ് സംഘങ്ങളുടെ വളർച്ചക്ക് കാരണമാകുകയും ചെയ്യുന്നു.

ഇതിനിടെ ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ ബാങ്കുകളും നൽകിയ വിദ്യാഭ്യാസ വായ്പയുടെ പലിശ സബ്സിഡിയുടെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സർക്കാർ ബാങ്കേഴ്സ് കമ്മിറ്റിയെ അറിയിച്ചു. ഇതോടെ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽനിന്ന് വായ്പ എടുത്തവർ പ്രതിസന്ധിയിലായി. ദേശസാത്കൃത ബാങ്കുകളിൽനിന്ന് വായ്പ എടുത്തവർക്കെല്ലാം കിട്ടുന്ന ആനുകൂല്യം സഹകരണ മേഖലയിൽനിന്ന് എടുക്കുന്ന കുട്ടികൾക്ക് ലഭിക്കാത്ത സ്ഥിതിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.

ജില്ലാ–പ്രാഥമിക സഹകരണ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പയുടെ പലിശ സബ്സിഡി നൽകുന്നതിന്  വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല സർക്കാർ. ജൂണിലും സെപ്റ്റംബറിലുമായി രണ്ടു കത്തുകളാണ് ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ച് സർക്കാർ ബാങ്കേഴ്സ് കമ്മിറ്റിക്ക് നൽകിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.