കൊട്ടാരക്കര: കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താനും ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയിലൂടെ കഴിയുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
വൈജ്ഞാനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ സര്‍ക്കാര്‍ ആരംഭിക്കുന്ന ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയുടെ സംസ്ഥാനതല നിര്‍മാണോദ്ഘാടനം കൊട്ടാരക്കര ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നേരിട്ട പരിമിതി മറികടക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളടക്കം സംരംഭങ്ങള്‍ക്കും വിദൂരതയിൽ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് വര്‍ക്ക് സ്പേസ് ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യം.
220 പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന വര്‍ക്ക് സ്റ്റേഷനാണ് സ്ഥാപിക്കുക. ഇതിനകം കൊട്ടാരക്കര ഐ.എച്ച്.ആര്.ഡി കോളജില്‍ ആര് ആന്‍ഡ് ഡി കേന്ദ്രം ആരംഭിച്ചു. 50,000 ചതുരശ്ര അടി ഐ.ടി പാര്‍ക്കിനും അനുവാദമായി. രാമനാട്ടുകരയിലും കളമശ്ശേരിയിലും ‘വര്‍ക്ക് നിയര്‍ ഹോം’ സംവിധാനം ആരംഭിക്കാൻ നടപടി പുരോഗമിക്കുന്നെന്നും മന്ത്രി പറഞ്ഞു.നഗരസഭ ചെയര്മാന് എസ്.ആര്. രമേശ് അധ്യക്ഷനായി. വര്‍ക്ക് നിയര്‍ ഹോം വെബ്സൈറ്റ് പ്രകാശനം കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വനജ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം, കെ-ഡിസ്ക് മെംബര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.