തിരുവനന്തപുരം: പാലക്കാട്ടെ മിന്നും ജയം കോൺഗ്രസ് രാഷ്ട്രീയത്തിലെ ബലാബലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കൂടുതൽ ശക്തനാക്കും. കോൺഗ്രസിൽ മുൻനിരയിലേക്ക് കടന്നിരിക്കാൻ ഷാഫി പറമ്പിലിനെ പ്രാപ്തനാക്കുന്ന വിജയം കൂടിയാണിത്. യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമസഭയിലെത്തുന്ന രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ പുതിയ യുവതാരമായി മാറി. സി.പി.എമ്മിൽ പാലക്കാട്ട് ഫലം മന്ത്രി എം.ബി. രാജേഷിന് നൽകിയ പരിക്ക് ചെറുതല്ല. നീല ട്രോളി, പത്രപരസ്യം എന്നിവയുൾപ്പെടെ രാജേഷിന്റെ നേതൃത്വത്തിലിറക്കിയ തന്ത്രങ്ങളെല്ലാം സി.പി.എം സ്ഥാനാർഥിക്ക് തിരിച്ചടിയായെന്നാണ് വോട്ടുനില വ്യക്തമാക്കുന്നത്.
ഷാഫിയെ വടകരയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെ പ്രധാനികളിലൊരാൾ വി.ഡി. സതീശനാണ്. ബി.ജെ.പി ഭീഷണിയുള്ള മണ്ഡലത്തിൽ റിസ്ക് എടുക്കണോയെന്ന ചോദ്യത്തിന് ഷാഫിയുടെ പിൻഗാമിയുടെ ജയം സ്വന്തം ഉത്തരവാദിത്തമായി പ്രതിപക്ഷ നേതാവ് ഏറ്റെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിലും സതീശന്റെ ഇടപെടലുണ്ട്. പ്രതിപക്ഷ നേതാവിന്റെ വലംകൈയായി ഷാഫി പറമ്പിൽ പാലക്കാട്ട് ക്യാമ്പ് ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും സതീശനുമിടയിലെ പോര് പലകുറി മറനീക്കിയെങ്കിലും ഒടുവിൽ കോൺഗ്രസിലും യു.ഡി.എഫിലും കാര്യങ്ങൾ സതീശനിൽ കേന്ദ്രീകരിക്കപ്പെടുന്നതാണ് കാണുന്നത്.
താഴേതട്ടുമുതൽ കൃത്യമായിരുന്നു കോൺഗ്രസ് ആസൂത്രണം. ബൂത്തുകളെ എ, ബി, സി വിഭാഗങ്ങളായി തരംതിരിച്ചു. വോട്ട് ചേര്‍ക്കാനും വോട്ട് മാറ്റാനും ബൂത്തുകളില്‍ സംവിധാനമൊരുക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.
അടുത്തദിവസം മുതൽ പ്രചാരണ പരിപാടികളും ഷെഡ്യൂള്‍ ചെയ്തു. ബൂത്ത് തലം മുതല്‍ നിയോജകമണ്ഡല തലംവരെ ദിവസവും റിവ്യൂ മീറ്റിങ് നടത്തി. നൂറുകണക്കിന് കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഇലക്ഷൻ മാനേജ്മെന്റ് ടീമിന്റെ ഈ പ്രവർത്തനങ്ങൾ പാലക്കാട്ട് മികച്ച വിജയം നൽകിയെങ്കിലും ചേലക്കരയിൽ ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.