‘ചെന്നിത്തലയുടെ കത്ത്’: യു.ഡി.എഫ് യോഗത്തില്‍ പരോക്ഷ വിമര്‍ശം



തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് മന്ത്രി രമേശ് ചെന്നിത്തല അയച്ചതായി പറയുന്ന കത്തിനെ പരോക്ഷമായി പരാമര്‍ശിച്ച് യു.ഡി.എഫ് യോഗത്തില്‍ വിമര്‍ശം. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ ജെ.ഡി.യു നേതാവ് ഡോ.വര്‍ഗീസ് ജോര്‍ജാണ് ഇക്കാര്യം പരാമര്‍ശിച്ചത്. രമേശിന്‍െറ കത്തും കോണ്‍ഗ്രസ് നേതാക്കള്‍ ചാനലുകളില്‍ ഇതിനെ ന്യായീകരിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍െറ വിമര്‍ശം. യോഗത്തിന്‍െറ അവസാനം മാത്രം എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടിയന്തരമായി തനിക്ക് പോകണമെന്ന് അറിയിച്ച് ചര്‍ച്ചക്ക് തടയിടുകയായിരുന്നു.
സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ മുന്നണി യോഗങ്ങളിലാണ് തങ്ങള്‍ വ്യക്തമാക്കുന്നതെന്ന് വര്‍ഗീസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. ഇതല്ലാതെ സര്‍ക്കാര്‍ അടിമുടി അഴിമതിയാണെന്നൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല. അതൊക്കെ എവിടെനിന്നാണ് വരുന്നതെന്ന് മനസ്സിലാകുന്നുണ്ട്. ഇതേക്കുറിച്ച് പരിശോധിക്കണം. സര്‍ക്കാറിന്‍െറ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നത് തങ്ങളല്ല. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നത് ഇത്തരത്തില്‍ വിമര്‍ശം ഉന്നയിക്കുന്നവരാണ്.
മുന്നണിയുടെ നിലപാടുകളില്‍ ജെ.ഡി.യുവിനുള്ള അതൃപ്തി വര്‍ഗീസ് ജോര്‍ജ് അറിയിച്ചു. പ്രഹസനമാകുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന് മറ്റുള്ളവരുമായുള്ള ഭിന്നത പറഞ്ഞുതീര്‍ക്കാനാണ് ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ചര്‍ച്ചകളില്‍ തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഇതുവരെ നടപ്പായില്ല്ള. അത്തരമൊരു ചര്‍ച്ചക്കാണെങ്കില്‍ താല്‍പര്യമില്ളെന്ന് അദ്ദേഹം പറഞ്ഞു.
റബര്‍വിലയിടിവില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജോണിനെല്ലൂരും യോഗത്തില്‍ ശക്തമായ പ്രതികരണം നടത്തി. ഇക്കാര്യത്തില്‍ പ്രമേയം പാസാക്കിയിട്ട് കാര്യമില്ളെന്നും ആദ്യം സംസ്ഥാന സര്‍ക്കാര്‍ വിലസ്ഥിരതാ പദ്ധതിക്ക് നീക്കിവെച്ചിരിക്കുന്ന 300 കോടി കര്‍ഷകര്‍ക്ക് നല്‍കാനുള്ള വഴിയെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം. മാണിയും ഇതിനോട് യോജിച്ചു. മന്ത്രി പി.ജെ. ജോസഫ് ജോണി നെല്ലൂരിനെ പിന്തുണക്കുകയും ഒരുമാസത്തിനകം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.