ക്ഷേത്രം ഊട്ടുപുര സമര്‍പ്പണത്തിന് വി.എസ് എത്തുന്നു; പാര്‍ട്ടി അനുമതി  നല്‍കി 

തൃശൂര്‍: ആഭ്യന്തരമന്ത്രിയും ദേവസ്വം മന്ത്രിയും പങ്കെടുക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് അറിയിച്ച ക്ഷേത്ര ഊട്ടുപുര സമര്‍പ്പണ ചടങ്ങിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എത്തുന്നു. തൃശൂര്‍ തൃക്കൂരിലെ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുര സമര്‍പ്പണത്തിനാണ് വി.എസ് ജനുവരി നാലിന് എത്തുന്നത്. ക്ഷേത്രഭരണത്തില്‍ സംഘ്പരിവാറും സി.പി.എമ്മും തര്‍ക്കിക്കുന്നതിനിടക്കാണ് പരിപാടിക്ക് വി.എസ് എത്തുന്നത്.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയില്‍ വി.എസ് പങ്കെടുക്കുന്ന പരിപാടികള്‍ മാത്രമാണ് സമീപകാലത്ത് ജില്ലാ നേതൃത്വം ‘അറിയാറുള്ളത്. എന്നാല്‍, മതിക്കുന്ന് ക്ഷേത്രത്തിലെ പരിപാടിയില്‍ വി.എസ് പങ്കെടുക്കുന്നതിനോട് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അനുകൂല അഭിപ്രായം അറിയിച്ചു. വേലയും തൃക്കാര്‍ത്തികയും ആനയൂട്ടും പൊങ്കാലയും തുടങ്ങി വര്‍ഷത്തില്‍ നിരവധി ആഘോഷങ്ങളുള്ള ക്ഷേത്രത്തില്‍ ഹൈന്ദവാചാര പ്രകാരമാണ് പൂജാവിധികളെങ്കിലും ഇതര മതസ്ഥര്‍ക്കും പ്രവേശമുണ്ടെന്നതാണ് സവിശേഷത. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബി.ജെ.പി അനുഭാവികള്‍ക്കും പുറമെ സി.പി.എം പ്രവര്‍ത്തകരും ക്ഷേത്രത്തിന്‍െറ ഭാരവാഹികളിലുണ്ട്. 
ഊട്ടുപുര സമര്‍പ്പണത്തിന് ആദ്യം സമീപിച്ചത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയാണ്. എന്നാല്‍, എ.കെ. ആന്‍റണിയോടൊപ്പം അമേരിക്കയിലായിരിക്കുമെന്നും മടക്കം എന്നാണെന്ന് വ്യക്തമല്ളെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. പിന്നീട് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിനെ സമീപിച്ചെങ്കിലും തൃശൂരില്‍ മറ്റ് പരിപാടികളില്ളെന്നും ഇതിന് മാത്രമായി വരാന്‍ അസൗകര്യമുണ്ടെന്നും അറിയിച്ചു. അതോടെയാണ് ക്ഷേത്രം ഭാരവാഹികള്‍ ഏകകണ്ഠമായി പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തരം, ദേവസ്വം മന്ത്രിമാരോട് ജനുവരി 12 വരെയുള്ള ദിവസങ്ങളില്‍ ഏതായാലും വിരോധമില്ളെന്ന് പറഞ്ഞിട്ടും നിരസിച്ചുവത്രേ. വി.എസിനെ നേരില്‍ കണ്ട് ജനുവരി നാലിന് സമയം ഉറപ്പിച്ചു. വിവരം പാര്‍ട്ടി നേതൃത്വത്തെ വി.എസും ക്ഷേത്രം ഭാരവാഹികളും അറിയിച്ചപ്പോള്‍ അനുമതിയും ലഭിച്ചു. 
വി.എസ് ഊട്ടുപുര സമര്‍പ്പണത്തിന് വരുന്നതറിയിച്ച് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. വിശ്വാസികളായ പാര്‍ട്ടിക്കാരെ ഇറക്കി ക്ഷേത്ര ഭരണം പിടിക്കാന്‍ സി.പി.എം കുറച്ച് കാലമായി ശ്രമിക്കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.