തിരുവനന്തപുരം: മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്‍റണിക്ക് തിങ്കളാഴ്ച 75 വയസ്സ് പൂര്‍ത്തിയാകുന്നു. ആഘോഷങ്ങളില്ലാത്ത പതിവ് പിറന്നാള്‍ ദിനത്തില്‍ ഇത്തവണ ആന്‍റണി അമേരിക്കയിലാണ്. അമേരിക്കയിലെ റോച്ചസ്റ്റര്‍ മയോ ക്ളിനിക്കില്‍ നടന്ന വിശദ പരിശോധനകളില്‍ ആരോഗ്യ പ്രശ്നങ്ങളില്ളെന്ന റിപ്പോര്‍ട്ടാണ് ഇത്തവണത്തെ പിറന്നാള്‍ സന്തോഷം. പിറന്നാള്‍ ദിനത്തില്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തേണ്ടിയിരുന്ന ആന്‍റണി ചൊവ്വാഴ്ചയേ എത്തൂ.
1940 ഡിസംബര്‍ 28ന് അറക്കപറമ്പില്‍ കുരിയന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ച ആന്‍റണി കേരളത്തിലെ പ്രായംകുറഞ്ഞ മുഖ്യമന്ത്രി, കെ.പി.സി.സി അധ്യക്ഷന്‍ എന്നീനിലകളില്‍ റെക്കോഡിന് ഉടമയാണ്. ഏഴ് വര്‍ഷം കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത ആന്‍റണി ഈ പദവിയില്‍ കൂടുതല്‍ കാലം ഇരുന്നയാളുമാണ്. 1977-78, 1995-96, 2001-04 കാലയളവുകളില്‍ കേരള മുഖ്യമന്ത്രിയായിരുന്നു. 1996 മുതല്‍ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു. 1977ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ 37 വയസ്സായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം ഗവ. ഹൈസ്കൂള്‍ ചേര്‍ത്തലയില്‍. എറണാകുളം മഹാരാജാസില്‍നിന്ന് ബി.എ ബിരുദവും എറണാകുളം ലോ കോളജില്‍നിന്ന് ബി.എല്‍ ബിരുദവും നേടി. 32ാം വയസ്സില്‍ കേരളത്തിലെ പ്രായംകുറഞ്ഞ കെ.പി.സി.സി പ്രസിഡന്‍റായ അദ്ദേഹം മൂന്ന് ഘട്ടങ്ങളിലായി 13 വര്‍ഷം ഈ പദവിയിലിരുന്നു. കെ.എസ്.യുവിലൂടെ പൊതുരാഷ്ട്രീയത്തിലേക്കു കടന്നുവന്ന അദ്ദേഹം കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എന്നിവയുടെ പ്രസിഡന്‍റായും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായും ട്രഷറര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘ഒരണ സമരം’ തുടങ്ങി പല സമരങ്ങളും ആന്‍റണി നയിച്ചിട്ടുണ്ട്.
എ.ഐ.സി.സി പ്രവര്‍ത്തക സമിതിയിലേക്ക് നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1985, 91, 2005, 2010 വര്‍ഷങ്ങളില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നരസിംഹറാവു മന്ത്രിസഭയില്‍ പൊതുവിതരണ മന്ത്രിയായിരുന്നു.
നിലവില്‍ രാജ്യസഭാംഗമായ ആന്‍റണി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, കോണ്‍ഗ്രസ് അച്ചടക്ക സമിതി അംഗം എന്നീനിലകളിലും പ്രവര്‍ത്തിക്കുന്നു. കര്‍ണാടകത്തിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതലയും ആന്‍റണിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.