സർക്കാർ മദ്യനയത്തിന് അംഗീകാരം; ബാറുടമകളുടെ ഹരജി തള്ളി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സർക്കാർ നിലപാടാണ് കോടതി അംഗീകരിച്ചത്. മദ്യനയത്തെ ചോദ്യംചെയ്ത് ബാറുടമകള്‍ നല്‍കിയ ഒരുകൂട്ടം ഹരജികൾ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ബാറുടമകൾ സമർപ്പിച്ച ഹരജികൾ തള്ളുന്നുവെന്ന ഒറ്റവരിയാണ് തുറന്ന കോടതിയിൽ വായിച്ചത്. ജസ്റ്റിസ് വിക്രംജിത് സെൻ ഡിസംബർ 30ന് സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ പ്രത്യേക സിറ്റിങ് നടത്തിയാണ് വിധി പ്രസ്താവിച്ചത്.  

സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 27 ഫൈവ് സ്റ്റാർ ബാറുകൾ ഒഴികെ ത്രീ, ഫോർ സ്റ്റാർ ബാറുകൾക്കുള്ള പ്രവർത്തന വിലക്ക് തുടരും. നിലവിൽ 27 ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ബാർ ലൈസൻസുള്ള 33 ക്ലബ്ബുകളിലും 806 ബീയർ-വൈൻ പാർലറുകളിലും സർക്കാർ ഉടമസ്ഥതയിലുള്ള ബിവ്റേജസ് കോർപറേഷൻ, കൺസ്യൂമർഫെഡ് മദ്യവിൽപന ശാലകളിലും മാത്രമാണ് മദ്യവിൽപനയുള്ളത്. ഇതിൽ ഹൈവേകളിലുള്ള ബിവ്റേജസ് കോർപറേഷൻ, കൺസ്യൂമർഫെഡ് മദ്യവിൽപന ശാലകളുടെ എണ്ണം 10 ശതമാനംവെച്ച് ഘട്ടങ്ങളായി കുറവു വരുത്താൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

സുപ്രീംകോടതി വിധിയില്‍നിന്ന്

  • ചില സ്ഥാപിത താല്‍പര്യക്കാര്‍ക്ക് ദോഷംചെയ്യുമെങ്കില്‍ക്കൂടി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് സ്വന്തം നയം കൊണ്ടുവരാനും നടപ്പാക്കാനും അധികാരമുണ്ട്. വ്യത്യസ്തമായൊരു നയമാണ് കൂടുതല്‍ നല്ലതെന്ന് പരാതിക്കാര്‍ വാദിച്ചെന്നു കരുതി സര്‍ക്കാര്‍ നയം കോടതി റദ്ദാക്കില്ല. സ്വേച്ഛാപരമായ, മൗലികാവകാശം ലംഘിക്കുന്ന നയമെങ്കില്‍ മാത്രമാണ് കോടതി ഇടപെടുക. വിവേകപൂര്‍ണമല്ലാത്ത വിവരക്കേടാണ് നയമെങ്കില്‍ വോട്ടര്‍മാര്‍ സര്‍ക്കാറിന് മറുപടി നല്‍കും.  
  • മദ്യത്തിന്‍െറ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാട്ടുന്നതില്‍ യുക്തിരാഹിത്യമോ നിയമപ്രശ്നമോ ഇല്ല. ബിവറേജസ് മദ്യവില്‍പന ശാലകള്‍ വഴിയാണ് 80 ശതമാനം മദ്യവില്‍പന നടക്കുന്നത്. അതിന്‍െറ കുത്തക സര്‍ക്കാറിനാണ്. ബിവറേജസ് മദ്യവില്‍പന ശാലകളുടെ എണ്ണം പ്രതിവര്‍ഷം 10 ശതമാനം വീതം കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, അതിനൊത്ത് മദ്യവില്‍പന കുറയുന്നില്ളെന്നാണ് എതിര്‍വാദം. സര്‍ക്കാറിന്‍െറ ഉത്തമതാല്‍പര്യത്തെ സംശയിക്കേണ്ടതില്ല; എതിര്‍ക്കേണ്ടതുമില്ല. ടൂറിസം നയത്തിന്‍െറ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മദ്യം വില്‍ക്കാമെന്ന സര്‍ക്കാര്‍ നയത്തിലും കോടതി ഇടപെടേണ്ടതില്ല. 
  • പഞ്ചനക്ഷത്ര പദവിക്ക് നിരക്കാത്തവിധം വിലകുറച്ചും മറ്റും ചില ഹോട്ടലുകളില്‍ മദ്യവില്‍പന നടത്തുന്നു എന്നതടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണം. മദ്യനിരോധ നയം പക്ഷപാതപരവും വെള്ളപൂശലുമാണെന്ന കാഴ്ചപ്പാട് ഉണ്ടാക്കരുത്. ബിയര്‍-വൈന്‍ പാര്‍ലറുകളിലും മറ്റും മദ്യപാനത്തിന് സൗകര്യം കിട്ടരുത്. 
  • ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതു വഴി  ഇവയുടെ വില്‍പന കൂടിയെന്നോ വീര്യം കൂട്ടി വില്‍ക്കുന്നുവെന്നോ കണ്ടത്തെിയാല്‍ സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം. അതല്ളെങ്കില്‍ പുതിയ നിയമയുദ്ധത്തിന് അത് വഴിവെക്കും.
  • ബാറുകള്‍ പൂട്ടിയതു വഴി തൊഴില്‍രഹിതരായവര്‍ക്ക് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും ഹൈകോടതിയെ സമീപിക്കാം. പുനരധിവസിപ്പിക്കപ്പെടാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. മദ്യത്തിന് അഞ്ചു ശതമാനം സെസ് ചുമത്തിയതുവഴി കിട്ടിയ തുക ഇവരുടെ പുനരധിവാസത്തിന് നീക്കിവെക്കണം. ഡസനിലേറെ ആത്മഹത്യകള്‍ നടന്നത് സര്‍ക്കാര്‍ കണക്കിലെടുക്കണം.

സുപ്രീംകോടതിയിൽ വിധിയിൽ സന്തോഷമുണ്ടെന്ന് എക്സൈസ് മന്ത്രി കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ നയത്തിന് ലഭിച്ച അംഗീകാരമാണിത്. വർധിച്ച മദ്യ ഉപഭോഗത്തിനെതിരെ സർക്കാർ നടത്തുന്ന ബോധവത്കരണ പരിപാടികൾ തുടരും. വിധിയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാമൂഹ്യ പ്രതിബദ്ധതയുള്ള വിധിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷം അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ബാർ ഹോട്ടൽ ഒാണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് രാജ്കുമാർ ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

മദ്യ ഉപയോഗം ഘട്ടങ്ങളായി കുറച്ച് മദ്യ നിരോധത്തിലേക്ക് നീങ്ങുന്നതിനു വേണ്ടിയാണ് ലൈസന്‍സ് പരിമിതപ്പെടുത്തിയതെന്ന വാദമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഉന്നയിച്ചത്. വിനോദ സഞ്ചാര വികസനം കണക്കിലെടുത്താണ് ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയത്. സർക്കാർ മദ്യവിൽപന ശാലകളുടെ എണ്ണത്തിലും കുറവു വരുത്തുന്നുണ്ട്. വിശദ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മദ്യനയം കൊണ്ടുവന്നത്. കേരള ഹൈകോടതി മദ്യനയം അംഗീകരിച്ചതാണ്. ഏകാംഗ കമീഷന്‍റെ ശിപാർശ പ്രകാരമാണ് ബീയർ-വൈൻ പാർലറുകൾക്ക് ലൈസൻസ് നൽകിയത്. മദ്യനയം ഒരു രാത്രി കൊണ്ട് എടുത്ത തീരുമാനമല്ലെന്നും മദ്യനയം തെറ്റെന്ന് കണ്ടാൽ വീണ്ടും ബാർ ലൈസൻസ് നൽകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. സർക്കാറിന്‍റെ ഈ നിലപാടുകളാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് അംഗീകരിച്ചത്.

ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്നായിരുന്നു ബാര്‍ ഉടമകളുടെ പ്രധാന വാദം. ബിവറേജസ് വില്‍പനശാലകള്‍ വഴി മദ്യം വില്‍ക്കുന്നുവെന്നിരിക്കെ, മദ്യ ലഭ്യത കുറക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. 89 ശതമാനത്തിലധികം കച്ചവടം സർക്കാർ ഉടമസ്ഥതയിലാണ് നടക്കുന്നത്. കള്ള് ഷാപ്പുകൾ അനുവദിക്കുന്നതിൽ നിയന്ത്രണമില്ല. സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഹോട്ടലുകളിൽ മദ്യം ലഭ്യമല്ലെങ്കിൽ വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് വരില്ലെന്നും ബാറുടമകള്‍ കോടതിയില്‍ ബോധിപ്പിച്ചു.

യു.ഡി.എഫ് സർക്കാറിന്‍റെ മദ്യനയം ഹൈകോടതി സിംഗ്ള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരിവെച്ചതോടെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മദ്യനയം യു.ഡി.എഫ് പ്രകടനപത്രികയുടെ ഭാഗമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

ബാറുടമകൾക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയും സര്‍ക്കാറിന് വേണ്ടി അഭിഭാഷകരായ കപില്‍ സിബലും വി. ഗിരിയുമാണ് സുപ്രീംകോടതിയിൽ ഹാജരായത്.
 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.