കോഴിക്കോട്: പ്രോട്ടോകോൾ ലംഘന വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം.പി മാത്രമായ സോണിയ ഉദ്ഘാടനം നിർവഹിക്കുന്നതിന്‍റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്തന്ന് കുമ്മനം ചോദിക്കുന്നു.
1991ൽ കോട്ടയം പാമ്പാടിയിൽ സ്ഥാപിച്ച രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷ വേളയിൽ ഇന്ന് സംഘടിപ്പിച്ച ചടങ്ങിൽ സ്ഥാപനം രാഷ്ട്രത്തിന് സമർപ്പിച്ചത് എം.പിയായ സോണിയ ഗാന്ധിയാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു അധ്യക്ഷൻ. ഈ സാഹചര്യത്തിലാണ് പ്രോട്ടോകോൾ ലംഘന വിഷയം കുമ്മനം എടുത്തിട്ടിരിക്കുന്നത്.
ഇടത്-വലത് മുന്നണികളുടെ പ്രോട്ടോകോൾ പാലനവും കേരളത്തിന്‍റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമായിരുന്നെന്ന് ഇതോടെ തെളിയുകയാണെന്ന് പോസ്റ്റിൽ ആരോപിക്കുന്നു. അഴിമതി കേസിൽ പ്രതിയായ എം.പിയെ കൊണ്ട് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത് ശരിയാണോ എന്നും കുമ്മനം ചോദിക്കുന്നുണ്ട്. മുമ്പ് ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോകോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണെന്നും ആർ. ശങ്കർ പ്രതിമാ അനാച്ഛാദന ചടങ്ങും മുഖ്യമന്ത്രിക്കെതിരായ വിലക്കും വിവാദമായ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.
എസ്.എൻ.ഡി.പി സംഘടിപ്പിച്ച ആർ. ശങ്കർ പ്രതിമാ അനാച്ഛാദന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചടങ്ങിൽ അധ്യക്ഷനാകാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്ഷണിച്ച ശേഷം വിട്ടുനിൽക്കാൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടിരുന്നു. ഇത് ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും സംഭവത്തെ രൂക്ഷമായ ഭാഷയിൽ കോൺഗ്രസ് നേതൃത്വം വിമർശിക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പാമ്പാടിയിൽ 1991ൽ ആരംഭിച്ച രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷത്തിന് ആശംസകൾ നേരുന്നു. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ ഇനിയും ആർ.ഐ.ടിക്ക് കഴിയട്ടെ എന്നും ആശംസിക്കുന്നു.
പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യാനും ഇൻസ്റ്റിറ്റ്യൂട്ട് രാഷ്ട്രത്തിന് സമർപ്പിക്കാനും സംസ്ഥാന സർക്കാർ ക്ഷണിച്ചിരിക്കുന്നത് കോൺഗ്രസ് അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയെയാണ്. ഈ അവസരത്തിൽ പ്രസക്തമായ ചോദ്യങ്ങൾ നിരവധിയാണ്.
സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം.പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്‍റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്ത് ?.
ഇരുപത്തഞ്ച് വർഷം മുൻപ് തുടങ്ങിയ ഒരു സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർഥത്തിലാണ്?
അഴിമതിക്കേസിൽ പ്രതിയായ എം.പിയെക്കൊണ്ട് സംസ്ഥാനത്തെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്‍റെ അഭിമാനത്തെ ബാധിക്കുകയില്ലേ?
ഇത് വിദ്യാർഥികൾക്ക് നൽകുന്നത് മോശം സന്ദേശമല്ലേ?
ബംഗാളിൽ കോൺഗ്രസുമായി സഖ്യസാധ്യതകൾ തേടുന്നത് കൊണ്ടാകാം സി.പി.എമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തത്. എന്തായാലും മുമ്പ് ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോകോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണ്.
ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്‍റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമായിരുന്നെന്ന് ഇതോടെ തെളിയുകയാണ്.
പാമ്പാടിയിൽ 1991 ൽ ആരംഭിച്ച രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷത്തിന് ആശംസകൾ നേരുന്നു . സം...
Posted by Kummanam Rajasekharan on Tuesday, December 29, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.