ഗെയ്ല്‍ പൈപ്പ് ലൈൻ: ജനം വീണ്ടും സമരമുഖത്ത്

കോഴിക്കോട്: ആയിരങ്ങളെ ഭീതിയിലാഴ്ത്തി ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയുള്ള പൈപ്പിടല്‍പദ്ധതി പൂര്‍വാധികം ശക്തിയോടെ ആരംഭിക്കാന്‍ ഗെയ്ല്‍ അധികൃതര്‍. ജനരോഷം അവഗണിച്ച് വാതക പൈപ്പ് ലൈന്‍ പദ്ധതി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ സര്‍വേസംഘത്തെ തടയലുള്‍പ്പെടെ ജനകീയ പ്രതിരോധവും നാട്ടുകാരില്‍നിന്ന് ഉയര്‍ന്നുതുടങ്ങി. തഹസില്‍ദാര്‍, ഡെപ്യൂട്ടി കലക്ടര്‍ തുടങ്ങി റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ സര്‍വേനടപടി പൂര്‍ത്തിയാക്കി ജനുവരിയോടെ പൈപ്പിടല്‍ ആരംഭിക്കാനാണ് ഗെയ്ല്‍ അധികൃതരുടെ തീരുമാനം. മലപ്പുറം, പേരാമ്പ്ര, വടകര പ്രദേശങ്ങളിലെ ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് നേരത്തേ മുടങ്ങിയ സര്‍വേജോലി വീണ്ടും തുടങ്ങിയതോടെ പ്രവൃത്തി തടയുന്നതുള്‍പ്പെടെ സമരം ശക്തമാക്കുമെന്ന് പ്രതിരോധസമിതി പറയുന്നു.
പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഏഴു ജില്ലകളില്‍ അഞ്ചിടത്ത് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായി ഗെയ്ല്‍ വക്താവ് കെ.പി. രമേശ് അറിയിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 508 കി.മീറ്റര്‍ ജനവാസകേന്ദ്രങ്ങളിലൂടെയാണ് പൈപ്പിടുന്നത്.
കണ്ണൂരില്‍ 82 കി.മീറ്റര്‍ ഭൂമി ആവശ്യമുള്ളിടത്ത് 61 കി.മീറ്ററും കോഴിക്കോട് 73ന്‍െറ സ്ഥാനത്ത് എട്ടു കി.മീറ്ററും അളന്ന് മഹസര്‍ എഴുതി. ലീഗ് ഓഫിസിന് മുന്നിലടക്കം പ്രതിഷേധം നടന്ന മലപ്പുറത്ത് സര്‍വേനടപടി ആരംഭിച്ചിട്ടില്ല. ഇതിനായി രാഷ്ട്രീയ പ്രതിനിധികളെയും പ്രതിഷേധക്കാരെയും പങ്കെടുപ്പിച്ചുള്ള ചര്‍ച്ച ജനുവരി ആദ്യത്തില്‍ നടക്കും. മലപ്പുറത്ത് 56 കി.മീറ്റര്‍ ഭൂമി വേണ്ടിടത്ത് ഇതിനകം 18 കി.മീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കി. മലപ്പുറം നഗരസഭാ പരിധിയില്‍ സ്കൂളുകളും ആശുപത്രിയും സ്ഥിതിചെയ്യുന്ന പ്രദേശത്തുകൂടിയാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലുമായി അറുനൂറോളം വീടുകളെയും പൈപ്പ്ലൈന്‍ ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
3700 കോടി രൂപ ചെലവില്‍ കെ.എസ്.ഐ.ഡി.സി-ഗെയ്ല്‍ സംയുക്ത സംരംഭമായി നടപ്പാക്കുന്ന വാതക പൈപ്പ്ലൈന്‍ പദ്ധതിയില്‍ കൊച്ചി എല്‍.എന്‍.ജി ടെര്‍മിനല്‍ പ്ളാന്‍റില്‍നിന്ന് കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പെട്രോളിയം സംസ്കരണ കേന്ദ്രങ്ങളിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതാണ് വാതക പൈപ്പ്ലൈന്‍ പദ്ധതി.
കൊച്ചിയില്‍ തുടങ്ങി കൂറ്റനാട്, ബംഗളൂരുവഴി മംഗളൂരുവരെ കരയിലൂടെ 976 കിലോമീറ്റര്‍ പൈപ്പ്ലൈനും കായംകുളം മുതല്‍ കൊച്ചിവരെ സമുദ്രാന്തര്‍ ഭാഗത്തുകൂടിയുള്ള പൈപ്പ്ലൈനുകളുമാണ് സ്ഥാപിക്കുക.
508 കിലോമീറ്റര്‍ ദൂരത്തിലാണ് കേരളത്തില്‍ പൈപ്പിടല്‍ നടക്കുക. മലബാറിനെ അപേക്ഷിച്ച് താരതമ്യേന എതിര്‍പ്പ് കുറവായ കൊച്ചി-പാലക്കാട് പൈപ്പ്ലൈന്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ പൂര്‍ത്തിയായി.


നഷ്ടപരിഹാര തുകയില്‍ തീരുമാനമായില്ല

പി.എ.എം ബഷീര്‍

തൃശൂര്‍: ദ്രവീകൃത വാതക പൈപ്പ്ലൈന്‍ പദ്ധതിക്കായി ഗെയില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുകയില്‍ തീരുമാനമായില്ല. കഴിഞ്ഞയാഴ്ച ചീഫ്സെക്രട്ടറി കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമി ഏറ്റെടുക്കലിന്‍െറ പുരോഗതി വിലയിരുത്താന്‍ നടത്തിയ കോണ്‍ഫറന്‍സില്‍ ഭൂമിക്ക് എന്ത് വില നല്‍കുമെന്ന് കലക്ടര്‍മാര്‍ ചോദിക്കുകയായിരുന്നു. ഇക്കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ളെന്നായിരുന്നു മറുപടി. ന്യായവിലയുടെ മൂന്നു മുതല്‍ ഏഴ് ഇരട്ടിവരെ നഷ്ടപരിഹാരം നല്‍കണമെന്ന് വിവിധ കലക്ടര്‍മാര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പദ്ധതിക്കെതിരെ സമരം ശക്തമായ മലപ്പുറം, കോഴിക്കോട് അടക്കം ജില്ലകളിലെ കലക്ടര്‍മാരാണ് കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങള്‍ക്കും ഇതുവരെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇത്തരം ഭൂമിയിലെ വൃക്ഷങ്ങള്‍ക്കും മറ്റുമാണ് കോമ്പിറ്റന്‍റ് അതോറിറ്റി ചുരുങ്ങിയ നഷ്ടപരിഹാരം നല്‍കിയത്. അതുകൊണ്ട് തന്നെ ഭൂമിയുടെയും കെട്ടിടങ്ങളുടെയും കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിനും ഗെയില്‍ അധികൃതര്‍ക്കും കഴിഞ്ഞിട്ടില്ല. പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ വിപണിവില നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പോലും തീരുമാനിച്ചിട്ടില്ളെന്നാണ് ചീഫ് സെക്രട്ടറിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
2016ല്‍ ഭൂമി ലഭ്യമാക്കി പൈപ്പ് വിന്യസിച്ച് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാണ് ഗെയില്‍ അധികൃതരുടെ നീക്കം. ഭൂമി ഏറ്റെടുക്കാന്‍ നിയമപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായും ഗെയില്‍ അധികൃതര്‍ നേരത്തെ അവകാശപ്പെട്ടിട്ടുണ്ട്.
അതേസമയം, സര്‍ക്കാറിനോ ഗെയില്‍ അധികൃതര്‍ക്കോ ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കാനാവില്ളെന്നാണ് ഗ്യാസ് വിക്റ്റിംസ് ഫോറം നേതാക്കളുടെ വാദം. 1962ലെ പെട്രോളിയം ആന്‍ഡ് മിനറല്‍ ആക്ട് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ 10 ശതമാനം വില മാത്രമേ നല്‍കാനാവൂ.
ഇതിന് വിരുദ്ധമായി നഷ്ടപരിഹാര തുക പ്രഖ്യാപിക്കുന്നത് നിയമക്കുരുക്കില്‍ കൊണ്ടത്തെിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതിക്ക് പൈപ്പ് വിന്യസിക്കുന്നതിന് 505 കിലോമീറ്റര്‍ ഭൂമിയാണ് വേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.