പിറന്നാള്‍ ദിനത്തിലും മുഖ്യന് തിരക്കോട് തിരക്ക്

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ തിരക്കിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 73ലേക്ക്. പതിവുപോലെ ആള്‍ക്കൂട്ടത്തിനിടെ ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു 73ാം പിറന്നാള്‍. ബാര്‍ കോഴയടക്കം സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കിടെ ഇവയൊന്നും പരാമര്‍ശിക്കാതെ വികസനത്തിന് വോട്ട് അഭ്യര്‍ഥിച്ച് വേദികളില്‍നിന്ന് വേദികളിലേക്ക് പാഞ്ഞായിരുന്നു പിറന്നാള്‍ ‘ആഘോഷം’. എല്ലായിടത്തും പ്രവര്‍ത്തകര്‍ കേക്കൊരുക്കി കാത്തിരുന്നെങ്കിലും സ്നേഹപൂര്‍വം നിരസിച്ച് അലച്ചിലിലായിരുന്നു മുഖ്യന്‍.

പിറന്നാള്‍ ദിനമായ ശനിയാഴ്ച മുഖ്യമന്ത്രി പുലര്‍ച്ചെ കുടുംബത്തിനൊപ്പം തിരുവനന്തപുരത്ത് പള്ളിയില്‍ പോയി പ്രാര്‍ഥിച്ചു. തുടര്‍ന്ന് വസതിയിലത്തെി പ്രഭാതഭക്ഷണം കഴിഞ്ഞശേഷം എട്ടരയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്തേക്ക്. ഇതിനിടെ പന്തളത്തും കടമ്പനാടും തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങള്‍.

 ഇവിടെ മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള തുടരന്വേഷണത്തില്‍ പ്രതിപക്ഷത്തിന്‍െറ ആക്ഷേപങ്ങള്‍ക്ക് മറുപടിയും നല്‍കി.
ഉച്ചക്ക് രണ്ടോടെ കോട്ടയം ടി.ബിയിലത്തെിയ മുഖ്യമന്ത്രി ഇവിടെ മകള്‍ മറിയം, കൊച്ചുമകന്‍ എഫിനോവ എന്നിവര്‍ക്കൊപ്പം, പതിവിന് വ്യത്യസ്തമായി ഉച്ചയൂണിന് ഭാര്യ മറിയാമ്മ തയാറാക്കികൊടുത്തുവിട്ട മീന്‍കറിയും ചോറും കഴിച്ചു. തുടര്‍ന്ന് മിനിറ്റുകള്‍പോലും പാഴാക്കാതെ പ്രചാരണരംഗത്തേക്ക്. അയമനം വല്യാട് പി.എച്ച്.സി ആശുപത്രിക്ക് സമീപമായിരുന്നു ആദ്യവേദി. ഖദര്‍ധാരികള്‍ക്കിടെ ഞെങ്ങിഞെരുങ്ങിയത്തെിയ അദ്ദേഹം വേദിയിലേക്ക് എത്തുമ്പോള്‍ ആര്‍പ്പുവിളി. ഇതിനിടെ, ഹാപ്പി ബര്‍ത്ത് ഡേ...ആശംസയുമായി റോസാപ്പൂ സമ്മാനിച്ച കുഞ്ഞുജൂവലിന്‍െറ കവളില്‍ തലോടി, പ്രവര്‍ത്തകള്‍ സമ്മാനിച്ച ഹാള്‍ തിരിച്ചണിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്നതായി പ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ മറുപടിയും ചെറുചിരിയിലൊതുങ്ങി.

പൊതുയോഗങ്ങളില്‍ സംസാരിക്കുന്ന നേതാക്കളുടെയെല്ലാം പിറന്നാള്‍ ആശംസ ചിരിയോടെ സ്വീകരിച്ച അദ്ദേഹം വാക്കുകള്‍ കൂടുന്നതോടെ കൈകൊണ്ട് വിലക്കി. പ്രവര്‍ത്തകര്‍ അണിയിക്കുന്ന ഷാളുകളെല്ലാം സമീപത്തെ കുട്ടികള്‍ക്ക് സമ്മാനിച്ചു.ശബ്ദനിയന്ത്രണം വേണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടെങ്കിലും തുടര്‍ന്ന് പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ഓടിയത്തെിയത് 25ഓളം യോഗങ്ങളിലാണ്. ഇതിനിടെ നിരവധി ഫോണ്‍ വിളികള്‍ വേറെയും.
 1943ല്‍ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം കുമരകത്താണ് ജനനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.