കൊച്ചി: യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ രണ്ടാഴ്ചക്കകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഫോറന്‍സിക് പരിശോധനാ ഫലം ലഭ്യമാകാത്തതിനാലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയതെന്നും ഇതിന് കാക്കാതെ തന്നെ അന്തിമ റിപ്പോര്‍ട്ട് നല്‍കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈകോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് ബി. കെമാല്‍പാഷ തുടര്‍ന്ന് ഹരജി തീര്‍പ്പാക്കി ഉത്തരവിട്ടു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ നടന്ന സംഭവത്തിലെ അന്വേഷണം കാര്യക്ഷമമല്ളെന്നും ഇതുവരെ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാവാത്തത് വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ ഹരജിയാണ് സിംഗ്ള്‍ബെഞ്ച് തീര്‍പ്പാക്കിയത്.
കുട്ടിയുടെ വസ്ത്രങ്ങള്‍ പരിശോധനക്കയച്ചതിന്‍െറ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ളെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ സഞ്ജയ്കുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
കുടപ്പനക്കുന്ന് ഇളയമ്പള്ളിക്കോണത്തെ ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലാണ് കഴിഞ്ഞ വര്‍ഷം ആറ് വയസ്സുകാരനെ മനുഷ്യത്വരഹിതമായി ശിക്ഷിച്ച സംഭവമുണ്ടായത്. രാവിലെ മുതല്‍ സ്കൂള്‍ വിടുന്നതു വരെയാണ് വിദ്യാര്‍ഥിയെ അധ്യാപിക പട്ടിക്കൂട്ടില്‍ അടച്ചത്. കൂട്ടിലുണ്ടായിരുന്ന പട്ടിയെ പുറത്തിറക്കിയശേഷം കുട്ടിയെ ഉള്ളില്‍ അടക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.