യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമെന്ന് ഉമ്മൻചാണ്ടി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്  തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യു.ഡി.എഫ് എന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  അരുവിക്കരയിൽ സംഭവിച്ചതുപോലെ ജനങ്ങൾ യു.ഡി.എഫിനെ വിജയിപ്പിക്കും. അടുത്ത 48 മണിക്കൂർ കഴിഞ്ഞാൽ അക്കാര്യം മനസിലാകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയത്ത് വോട്ട് ചെയ്ത് മടങ്ങുമ്പോഴാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷത്ത് നിന്നും കടന്നാക്രമണമുണ്ടായെങ്കിലും യു.ഡി.എഫ് ഇതിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്. ബാർകോഴ കേസിലെ വിജിലൻസ് വിധി സർക്കാറിന് തിരിച്ചടിയല്ല. ജനങ്ങളെ ആർക്കും കബളിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് നല്ല വിജയസാധ്യതയാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട്ട് വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം ജില്ലകളിലും യു.ഡി.എഫിന് വിജയം നേടാൻ സാധിക്കും. മലപ്പുറത്തെ തർക്കങ്ങളൊന്നും ഏശില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻെറ വിജയം സുനിശ്ചിതമാണെന്ന് മന്ത്രി കെ.എം മാണി പറഞ്ഞു. ആരോപണങ്ങളൊന്നും യു.ഡി.എഫിൻെറ വിജയത്തെ ബാധിക്കില്ലെന്നും മാണി പാലായിൽ പറഞ്ഞു.

ബാർ കോഴ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.