അംഗങ്ങളുടെ സത്യപ്രതിജ്ഞ: മാര്‍ഗനിര്‍ദേശങ്ങളായി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിച്ചു.ഇതനുസരിച്ച് സംസ്ഥാനത്തെ ഗ്രാമ, ബ്ളോക് ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ആദ്യഅംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കേണ്ടത് ബന്ധപ്പെട്ട വരണാധികാരികളാണ്. മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ജില്ലാ കലക്ടര്‍മാര്‍ക്കാണ് ചുമതല.  തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍  പ്രായം കൂടിയ അംഗത്തെയാണ് ആദ്യം പ്രതിജ്ഞ ചെയ്യിക്കേണ്ടത്. മറ്റ് അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം സത്യപ്രതിജ്ഞയോ/ദൃഢപ്രതിജ്ഞയോ ചെയ്യിക്കണം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും നിശ്ചിത തീയതിയില്‍ പ്രതിജ്ഞാചടങ്ങിന് സംബന്ധിക്കണമെന്നാവശ്യപ്പെട്ട് രേഖാമൂലം അറിയിപ്പ് നല്‍കും.
സത്യപ്രതിജ്ഞക്കുശേഷം അംഗങ്ങളുടെ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്‍െറ അധ്യക്ഷതയില്‍ ചേരണം. യോഗത്തില്‍ പ്രസിഡന്‍റ്/ചെയര്‍പേഴ്സണ്‍/മേയര്‍/വൈസ്പ്രസിഡന്‍റ്/ വൈസ് ചെയര്‍പേഴ്സണ്‍/ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍െറ അറിയിപ്പ് സെക്രട്ടറി വായിക്കണം.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് വരണാധികാരി കമീഷന്‍ നിശ്ചയിക്കുന്ന തീയതിയും സമയവും കാണിച്ച് യോഗത്തില്‍തന്നെ അംഗങ്ങള്‍ക്ക് നിശ്ചിതമാതൃകയില്‍ നോട്ടീസ് നല്‍കണം.
സത്യപ്രതിജ്ഞാചടങ്ങുകള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി  ഡയറക്ടര്‍മാരും ബ്ളോക് പഞ്ചായത്തുകളില്‍ അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമീഷണര്‍മാരും(ജനറല്‍) മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും അതത് സെക്രട്ടറിമാരും ജില്ലാപഞ്ചായത്തുകളില്‍ ജില്ലാകലക്ടര്‍മാരും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചു.


പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാതീയതി
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞാതീയതി സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവായി. ഇതനുസരിച്ച്  ഒക്ടോബര്‍ 31നും നവംബര്‍ അഞ്ചിനും ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ അംഗങ്ങളും നവംബര്‍ 12ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം.
 ഗ്രാമപഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത് ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നവംബര്‍ 12ന് രാവിലെ 10നും കോര്‍പറേഷനുകളില്‍ 11.30നുമാണ് സത്യപ്രതിജ്ഞാനടപടികള്‍ ആരംഭിക്കേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.