ജനവിധി മാനിക്കുന്നു; ബി.ജെ.പിയുടെ വിജയം താൽകാലികം -മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ വിധി മാനിക്കുന്നുവെന്നും തോൽവിയെ കുറിച്ച് പാർട്ടി, മുന്നണി, സർക്കാർ തലത്തിൽ പഠിച്ച് നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പ് ഫലം സർക്കാറിന്‍റെ വിലയിരുത്തലാകും എന്ന് താൻ പറഞ്ഞിരുന്നു. അത് തന്‍റെ വിശ്വാസമാണെന്നും എല്ലാ തെരഞ്ഞെടുപ്പിലും താനിക്കാര്യം പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ പ്രതികരണം അറിയുന്നതിന് വേണ്ടിയായിരുന്നു അതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് തകർന്നു എന്ന് പറയുന്നതിനോട് യോജിപ്പില്ല. എൽ.ഡി.എഫ് തരംഗമെന്ന് അവകാശപ്പെടാനാവില്ല. അങ്ങനെയെങ്കിൽ 2010 ലെ യു.ഡി.എഫ് വിജയം യു.ഡി.എഫ് തരംഗമാകുമായിരുന്നു. എന്നാൽ അന്ന് യു.ഡി.എഫ് വിജയമെന്നാണ് എല്ലാവരും വിശേഷിപ്പിച്ചത്. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മികച്ച വിജയമാണ് നേടിയത്. ഇപ്പോഴത്തെ പരാജയം യു.ഡി.എഫിന്‍റെ ആത്മവിശ്വാസത്തെ ചോർത്തിയിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ബി.ജെ.പിയുടെ വിജയത്തിൽ വലിയ പ്രാധാന്യമില്ല. ഇത് താൽകാലിക സംഭവം മാത്രമാണിത്. തിരുവനന്തപുരം കോർപറേഷനിൽ വൻ മുന്നേറ്റം നടത്തിയെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ ഒ. രാജഗോപാൽ ലീഡ് ചെയ്ത വാർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ പകുതി സിറ്റുകൾ പോലും ലഭിച്ചിട്ടില്ല. ബി.ജെ.പി ഉയർത്തുന്ന വർഗീയത ഗൗരവകരമാണെന്നും മതേതരത്വത്തിന് നേരെയുള്ള ഭീഷണിയാണിതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

ബി.ജെ.പി-സി.പി.എം ബാന്ധവം രാജ്യത്ത് മുമ്പും ഉണ്ടായിട്ടുണ്ട്. 77ലും 89ലും മാർക്സിസ്റ്റ് പാർട്ടി ബി.ജെ.പിയുമായി സഹകരിച്ചിരുന്നു. ജനവികാരം  മാനിക്കുന്നു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ജനങ്ങളെ കുറ്റപ്പെടുത്താനില്ല. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ചർച്ച ചെയ്ത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.