മോദി ഭരണത്തിന്‍റെ അന്ത്യത്തിന് തുടക്കമായെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം മോദി ഭരണത്തിന്‍റെ അന്ത്യത്തിന്‍റെ തുടക്കമാണെന്നും ജനാധിപത്യശക്തികളുടെ മഹാവിജയമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

വര്‍ഗീയതയിലൂടെയും വിഭാഗീയതയിലൂടെയും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന മോദിയുടെ തന്ത്രം തറപറ്റി. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ബഹുസ്വരതയും സമുദായസൗഹാര്‍ദവും തകര്‍ത്ത് രാജ്യത്ത് അസ്വസ്ഥത നീറിപ്പുകയുമ്പോള്‍ പ്രധാനമന്ത്രി ക്രൂരമായ നിശബ്ദത പാലിക്കുകയാണു ചെയ്തത്. രാജ്യം വിഭാഗീയതയിലേക്ക് കൂപ്പുകുത്തുകയാണെന്ന് വിദേശമാധ്യമങ്ങള്‍വരെ  റിപ്പോർട്ട് ചെയ്തതാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യക്ക് ബി.ജെ.പി സര്‍ക്കാര്‍ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. മോഹനവാഗ്ദാനങ്ങളുമായി അധികാരമേറ്റ മോദി സര്‍ക്കാര്‍ ഭരണരംഗത്തും തികഞ്ഞ പരാജയമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജെ.ഡി.യു, ആർ.ജെ.ഡി, കോഗ്രസ് എന്നീ ജനാധിപത്യശക്തികളുടെ ശക്തമായ മുന്നേറ്റമാണ് ബിഹാറില്‍ കണ്ടത്. അവരോടൊപ്പം ചേരാതെ ഇടതുസഖ്യം മതേതരവോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ പരോക്ഷമായി സഹായിച്ചു.  ഡല്‍ഹിയിലും കേരളത്തിലും ബി.ജെ.പിക്കെതിരെ ആക്രോശിക്കുന്ന ഇടതുപക്ഷം ബിഹാറില്‍ മതേതരവോട്ടുകള്‍ ഭിന്നിപ്പിച്ചത്  രാഷ്ട്രീയ കാപട്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
    
ജനാധിപത്യശക്തികളുടെ ഉജ്വല വിജയത്തിന് ചുക്കാന്‍ പിടിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, കോൺഗ്രസ് ബിഹാര്‍ പ്രസിഡന്‍റ് ഡോ. അശോക് ചൗധരി എന്നിവരെ മുഖ്യമന്ത്രി ഫോണില്‍ അഭിനന്ദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.