മാണിയുടെ രാജി അനിവാര്യമെന്ന് കോൺഗ്രസ് മുഖപത്രം

കോഴിക്കോട്:  ബാർ കോഴ കേസിൽ ഹൈകോടതിയുടെ വിമർശത്തിന് വിധേയനായ കേരളാ കോൺഗ്രസ് എം ചെയർമാനും ധനമന്ത്രിയുമായ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ മുഖപ്രസംഗം. ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി മാണിയുടെ രാജി അനിവാര്യമാണെന്ന് ‘അനിവാര്യം; അമാന്തമരുത്’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു.

വിജിലന്‍സ് കോടതിയുടെയും ഹൈകോടതിയുടെയും പരാമര്‍ശങ്ങളില്‍ കഴമ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തേക്കാള്‍ വ്യക്തിപരമായ നൈതികതയും രാഷ്ട്രീയ സത്യസന്ധ്യതയുമാണ് ഈ വിഷയത്തില്‍ പ്രധാനം. നിയമവിശാരദന്‍ കൂടിയായ മാണിക്ക് നിയമവഴികളോ കോടതി വിധിയോയുള്ള ബഹുമാനമോ ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.  മാണിയുടെ രാഷ്ട്രീയ പരിണിതപ്രജ്ഞ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടത് ഇപ്പോഴാണ്. മന്ത്രിസ്ഥാനം രാജിവെക്കേണ്ടത് മാണിയുടെ വിശുദ്ധിക്കും രാഷ്ട്രീയഭാവിക്കും അനിവാര്യമാണ്. നിയമത്തോടും നീതിപീഠങ്ങളോടും എക്കാലത്തും ആദരവ് പ്രകടിപ്പിച്ച കോണ്‍ഗ്രസിന് ഇക്കാര്യത്തിലുള്ള അഭിപ്രായം ഭിന്നമല്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

രാജന്‍ കേസില്‍ കെ. കരുണാകരന്‍റെ രാജി കേരള രാഷ്ട്രീയത്തിലെ ഉത്തമ മാതൃകയാണ്. കരുണാകരന്‍റെ രാജി ആദ്യം ആവശ്യപ്പെട്ടത് വീക്ഷണമാണ്. മകളുടെ വിവാഹക്കേസില്‍ എം.പി ഗംഗാധരന്‍റെയും ചന്ദന ഫാക്ടറി കേസില്‍ കെ.പി. വിശ്വനാഥന്‍റെയും രാജികളും വലിയ മാതൃകകളാണ്. ഇവരൊക്കെ പിന്നീട് തങ്ങളുടെ നിരപരാധിത്വം തെളിയിച്ചവരുമാണ്. എല്ലാ വഴികളും അടഞ്ഞശേഷം രാജി എന്ന തീരുമാനത്തിൽ എത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും മുഖപ്രസംഗം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.