തിരുവനന്തപുരം: ബാർകോഴ കേസിൽ കെ.എം മാണി രാജിവെച്ചതോടെ അടുത്തത് എക്സൈസ് മന്ത്രി കെ. ബാബു ആണെന്ന അഭ്യൂഹം ശക്തിപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ അതികായനായ മാണിയെ വീഴ്ത്തിയതിൽ പ്രധാന പങ്കുവഹിച്ച ബാറുടമാ സംഘം നേതാവ് ബിജു രമേശ്, ബാബുവിനെതിരെ വീണ്ടും രംഗത്ത് വന്നു. അമ്പതു ലക്ഷം വീതം രണ്ടു തവണ ബാബുവിന് കോഴ നൽകിയെന്ന് ബിജു രമേശ് വാർത്താ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. ആർക്കും എന്തും പറയാമല്ലോ എന്നാണ് ബാബുവിനെ പ്രതിരോധിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇതേകുറിച്ച ചോദ്യത്തിന് വാർത്താ ലേഖകരോട് പ്രതികരിച്ചത്. ആരോപണം ഉന്നയിക്കാൻ ഒരു വർഷം കാത്തിരുന്നത് എന്തിനാണെന്ന ചോദ്യവും മുഖ്യമന്ത്രി ഉന്നയിച്ചു.
എന്നാൽ, മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച സന്ദർഭത്തിൽ തന്നെ ബാബുവിനും കോഴ നൽകിയതായി ബിജുരമേശ് പറഞ്ഞിരുന്നു. മാണിക്കെതിരെ ക്വിക് വേരിഫിക്കേഷനും അന്വേഷണവും നടത്തിയ വിജിലൻസ് ബാബുവിനെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതേപറ്റി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു അന്നേ പരാതി ഉണ്ടായിരുന്നു. ബാബുവിനെതിരായ പരാതി ലോകായുക്തയുടെ മുന്നിലുണ്ട്. വിജിലൻസിനോട് ഇതേപറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ലോകായുക്ത നിർദേശിച്ചിട്ടുണ്ട്. എന്നാൽ മന്ത്രി ബാബുവിന്‍റെ കേസിൽ പൊതുവിൽ മെല്ലെപ്പോക്ക് നയമാണ് വിജിലൻസിൽ.
വിജിലൻസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തിന്‍റെ റിപ്പോർട്ട് വിളിച്ചു വരുത്തിയ ലോകായുക്ത അവ പരിശോധിച്ച ശേഷം തിങ്കളാഴ്ച മടക്കി നൽകിയിരുന്നു. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രനുമാണ് കേസ് പരിഗണിക്കുന്നത്. ദലിതനായതു കൊണ്ടാണോ തനിക്കു ലോകായുക്ത സ്റ്റാഫ് ഫയൽ തരാത്തതെന്ന ഉപലോകായുക്തയുടെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ബാർകോഴ കേസിലെ ഫയലായിരുന്നു പരാമർശ വിഷയം. ബാർ കേസിൽ ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നു. ബിജു രമേശിന്‍റെ ഡ്രൈവർ അമ്പിളിയെ സാക്ഷിയായി വിസ്തരിക്കണമെന്ന് ലോകായുക്ത അഭിപ്രായപ്പെട്ടപ്പോൾ വിരുദ്ധ സമീപനമാണ് ഉപലോകായുക്ത കൈക്കൊണ്ടത്. ഒരു ഡ്രൈവറെ എന്തിനു സാക്ഷി ആക്കുന്നു എന്നായിരുന്നു സന്ദേഹം ഉന്നയിച്ചത്. കെ.എം മാണി കുടുങ്ങിയ ബാർ കോഴ കേസിൽ ബിജു രമേശിന്‍റെ ഡ്രൈവർ അമ്പിളിയുടെ മൊഴി തിരുവനന്തപുരം വിജിലൻസ് കോടതി ഗൗരവമായി എടുത്തിരുന്നു.
എക്സ്സൈസ് മന്ത്രി കെ. ബാബുവിന് കോഴ നൽകിയതിന്‍റെ കണക്കുകൾ ബാറുടമകൾ പറയുന്നതിന്‍റെ ഓഡിയോ-വിഡിയോ സിഡികൾ കേസിനോപ്പം ബിജു രമേശ് ഹാജരാക്കിയിരുന്നു. ബാർ ലൈസൻസ് പുതുക്കി കിട്ടാനും വാർഷിക കിസ്ത് 30 ലക്ഷത്തിൽ നിന്ന് 23 ലക്ഷം രൂപയായി കുറച്ചു തരാനും കെ. ബാബു 10 കോടി രൂപ ചോദിച്ചെന്നാണ് ബിജുവിന്‍റെ ആരോപണം. ബാർ കോഴയിൽ കുടുങ്ങി മാണി പുറത്തായ സാഹചര്യത്തിൽ ബാബുവിന്‍റെ അഴിമതി വിഷയം കത്തിപ്പടരാനാണ് സാധ്യത. താൻ കൊടുത്ത മാനനഷ്ട കേസ് പിൻവലിപ്പിക്കാൻ ബിജു രമേശ് ദൂതനെ അയച്ചെന്നു മന്ത്രിപദം രാജിവെച്ച കെ.എം മാണിയെ കണ്ടു ഇറങ്ങുമ്പോൾ മന്ത്രി ബാബു പറഞ്ഞതാണ് പൊടുന്നനെ ഈ വിഷയം വീണ്ടും ഉയർന്നുവരാൻ കാരണം. ബാബുവിനു കോടിക്കണക്കിനു രൂപയുടെ ആസ്തി എങ്ങിനെ ഉണ്ടായെന്ന സംശയം പ്രകടിപ്പിച്ച ബിജു രമേശ് ഈ വിഷയം കോടതിയിലേക്ക് കൊണ്ടു പോകുകയാണെന്ന് വ്യക്തമാക്കി. ചുരുക്കത്തിൽ ബാർകോഴ കെ.എം മാണിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഇനിയും തലകൾ ഉരുളാനുണ്ടെന്നുമുള്ള സൂചനയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.