തിരുവനന്തപുരം: തനിക്കെതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച ആരോപണം കൃത്രിമമാണെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ഒരിക്കൽ പോലും ബിജു തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. നല്ലനിലയിൽ പൊതുപ്രവർത്തനം നടത്തുന്നവരെ മാധ്യമങ്ങളുടെ സഹായത്തോടെ മോശമാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും ബിജുവിനെതിരായ നിയമ നടപടികൾ തുടരുമെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു.
ബാർ കോഴ വിഷയത്തിൽ 2014 ഒക്ടോബർ 31നാണ് കെ.എം മാണിക്കെതിരെ ആദ്യമായി ബിജു രമേശ് ആരോപണം ഉന്നയിച്ചത്. ഈ സമയത്ത് തനിക്കെതിരെ ബിജു കോഴയാരോപണം ഉന്നയിച്ചിട്ടില്ല. പിന്നീട് 164 പ്രകാരം വിജിലൻസിന് സ്റ്റേറ്റ്മെൻറ് നൽകിയപ്പോഴും ആരോപണമില്ലായിരുന്നു. 2015 മാർച്ച് 31ന് തനിക്ക് 50 ലക്ഷം രൂപ നൽകിയെന്ന് ബിജു ആരോപിച്ചു. ഇതേതുടർന്ന് ക്വിക് വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ആരോപണം തെളിയാത്തതിനെ തുടർന്ന് കേസ് അവസാനിപ്പിക്കുകയും ചെയ്തു.
ആറു മാസത്തിന് ശേഷം ഒരു സുഹൃത്ത് വഴി ബിജു രമേശ് തന്നെ സമീപിക്കുകയും സിവിലും ക്രിമിനലും ആയി ഫയൽ ചെയ്ത മാനനഷ്ടകേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇല്ലെങ്കിൽ കോഴയെ കുറിച്ച് വീണ്ടും വാ തുറക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, കേസുമായി മുന്നോട്ടു പോകുമെന്ന് താൻ അറിയിച്ചെന്നും കെ. ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.