കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കാന്‍ സ്പെഷല്‍ ഓഫിസര്‍

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി ലാന്‍ഡ് റവന്യൂ കമീഷണര്‍ മോഹന്‍ദാസിന് സ്പെഷല്‍ ഓഫിസറുടെ അധിക ചുമതല നല്‍കി. ഭൂമി ലഭിക്കാനുള്ള തടസ്സങ്ങള്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത യോഗത്തെതുടര്‍ന്ന്  ഏറക്കുറെ പരിഹരിക്കാനായിരുന്നു.
സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്നും സ്പെഷല്‍ ഓഫിസറെ നിയമിക്കണമെന്നുമുള്ള യോഗത്തിന്‍െറ നിര്‍ദേശപ്രകാരമാണ് മന്ത്രിസഭാ തീരുമാനം.
കേന്ദ്ര സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് സെന്‍ററിന് ഗവേഷണ-വികസന ബിസിനസ് ഇന്‍കുബേഷന്‍ സെന്‍റര്‍ ആരംഭിക്കാന്‍ 1.56 ഏക്കര്‍ സ്ഥലം അനുവദിക്കും. ടെക്നോപാര്‍ക്ക് മൂന്നാംഘട്ട പദ്ധതി പ്രദേശത്തുനിന്ന് പ്രത്യേക സാമ്പത്തിക മേഖലയില്‍പ്പെടാത്ത സ്ഥലം 90 വര്‍ഷത്തെ പാട്ടത്തിനാണ് നല്‍കുക.
ഏക്കറിന് 120 ലക്ഷം രൂപ ഒറ്റത്തവണ പാട്ടത്തുകയും  25,000 രൂപ വാര്‍ഷിക പാട്ടത്തുകയും ഈടാക്കും. ഓപറേഷന്‍സ് ആന്‍ഡ് മെയിന്‍റനന്‍സ്  ഫീസ് 1.5 ലക്ഷം രൂപ നിരക്കിലാണ് ഈടാക്കുക.
 പുനലൂരില്‍ സബ്കോടതി ആരംഭിക്കും. ഇതിന് 14 തസ്തികകളും അനുവദിച്ചു. വള്ളുവനാട് നാട്ടുരാജാക്കന്മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമൂതിരി പെന്‍ഷന് തുല്യമായി 2500 രൂപ പെന്‍ഷന്‍ നല്‍കും. ആറു പേര്‍ക്കാണ് ഇതു നല്‍കുക. ഇവര്‍ക്ക് ഇപ്പോള്‍ കേന്ദ്ര പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.