ഇരട്ടനീതിയെന്ന് മാണി പരാതിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഇരട്ടനീതിയാണെന്ന് കെ.എം. മാണി തങ്ങളോട് പറഞ്ഞിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതുവരെ അങ്ങനെ പറഞ്ഞതായും കേട്ടിട്ടില്ല. ഗൂഢാലോചനയുണ്ടെന്ന മാണിയുടെ ആരോപണത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഗൂഢാലോചന എന്നതിന് കോണ്‍ഗ്രസ് എന്നര്‍ഥമുണ്ടോയെന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചു.
ധാര്‍മികതയുടെ ഉന്നത പാരമ്പര്യം നിലനിര്‍ത്തിയാണ് മാണി രാജിവെച്ചത്. രാജി ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ തെറ്റാണ്. ധാര്‍മികതയുടെ പേരിലാണ് രാജിയെങ്കില്‍ പാമോലിന്‍ കേസില്‍ താങ്കളും രാജിവെക്കേണ്ടതല്ളേയെന്ന ചോദ്യത്തിന് അന്ന് ആ ആവശ്യം ഇല്ലായിരുന്നെന്നായിരുന്നു മറുപടി.  വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഹൈകോടതിവിധിയില്‍ മാണിക്കെതിരെ എന്താണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മാണി നിയമനടപടികള്‍ കഴിഞ്ഞുവന്നാല്‍ എന്ത് നിലപാട് എടുക്കുമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹവും പാര്‍ട്ടിയുമാണ് നിലപാട് എടുക്കേണ്ടതെന്നും മുന്നണി അതിനനുസരിച്ച് നിലകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. ബാബുവിനെതിരായ ബിജു രമേശിന്‍െറ പുതിയ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഒരു കൊല്ലമായി ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളല്ളേയെന്നായിരുന്നു പ്രതികരണം. ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കെതിരെ ആരെങ്കിലും മൊഴികൊടുത്തെങ്കില്‍ രഹസ്യമാക്കിവെക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? മന്ത്രി കെ. ബാബുവിനെതിരെ ബാറുടമ ബിജു രമേശ് കോടതിയെ സമീപിക്കട്ടെ. അഴിമതി ആര് നടത്തിയാലും സംരക്ഷിക്കില്ല. എന്നാല്‍, അഴിമതിആക്ഷേപം പറഞ്ഞ് സര്‍ക്കാറിന്‍െറ ആത്മവിശ്വാസം ഇല്ലാതാക്കാനും നിര്‍വീര്യമാക്കാനും ശ്രമിച്ചാല്‍ കീഴടങ്ങില്ല.
വിഴിഞ്ഞം പദ്ധതിയില്‍ ഒരു പാര്‍ട്ടിയുടെ പ്രമുഖ നേതാവ് 6000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ മിണ്ടുന്നില്ല. മാധ്യമങ്ങള്‍ ചോദിക്കുന്നില്ല. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ അതത് പാര്‍ട്ടികള്‍ ആദ്യം ചര്‍ച്ചചെയ്യും. പിന്നീട് മുന്നണി ചര്‍ച്ചചെയ്യും. ശേഷം സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.