തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ടെക്നോ സിറ്റിക്ക് സമീപം ജനവാസ മേഖലയിൽ വിരണ്ടോടിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടി. പിരപ്പൻകോട് ഭാഗത്തുവെച്ച് വെടിയേറ്റ കാട്ടുപോത്ത് തെന്നൂർ ദേവീക്ഷേത്രത്തിന് സമീപമാണ് മയങ്ങി വീണത്. മൂന്ന് തവണ വെടിയുതിർത്തിരുന്നു. നിലവിൽ കാട്ടുപോത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡി.എഫ്.ഒ അനിൽ ആന്റണി പറഞ്ഞു.
കാട്ടുപോത്തിന് ജെ.സി.ബി ഉപയോഗിച്ച് വനംവകുപ്പിന്റെ വാഹനത്തിലേക്ക് മാറ്റിയിട്ടുണ്ട്. പാലോട് ഡിവിഷൻ ഓഫീസിൽ എത്തിച്ച് വിദഗ്ധ ചികത്സ നൽകിയായിരിക്കും വനത്തിൽ തുറന്നുവിടുക. പാലോട് വനമേഖലയിൽ നിന്ന് കൂട്ടംതെറ്റി എത്തിയതാകാമെന്നാണ് നിഗമനം.
ഐ.ടി നഗരമായ കഴക്കൂട്ടത്തിനും ടെക്‌നോസിറ്റിയായ മംഗലപുരത്തിനും അടുത്തുള്ള തലയ്‌ക്കോണം എന്ന ജനവാസ മേഖലിലാണ് ചൊവ്വാഴ്‌ച രാത്രി കാട്ടുപോത്തിനെ ആദ്യമായി കണ്ടത്. ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്‌നോസിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ കാട്ടുപോത്തിനെ കണ്ടത്.
മംഗലപുരം പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെത്തുടർന്ന് രാത്രി 11 മണിയോടെ തിരുവനന്തപുരം ഡി.എഫ്.ഒ ഓഫീസിൽനിന്നുള്ള സംഘമെത്തി പരിശോധന നടത്തി. കുളമ്പിന്റെ പാടും ചാണകവും കണ്ട് കാട്ടുപോത്തുതന്നെയെന്ന് ഉറപ്പിച്ചു. തുടർന്ന് ബുധനാഴ്‌ച രാവിലെ മുതൽ അഞ്ചൽ, കുളത്തൂപുഴ, പാലോട്, പരുത്തിപള്ളി റേഞ്ചുകളിൽനിന്ന് അൻപതിലധികം വനപാലകരും റാപിഡ് റെസ്‌പോൺസ് ടീമും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.