മാണിക്കും ബാബുവിനും രണ്ടു നീതി; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്‌ നേതാക്കൾ

കൊച്ചി: ബാർകോഴ ആരോപണം നേരിടുന്ന എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസിൽ അഭിപ്രായം. കെ.എം മാണിയെ മാത്രം കുരിശിലേറ്റുകയും ബാബുവിനെ സംരക്ഷിക്കുകയും ചെയ്തത് യു.ഡി.എഫിന്‍റെ നിലനിൽപിനെ ബാധിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ്‌ നേതാക്കൾ ആശങ്കപ്പെടുന്നു. ഇക്കാര്യം ഹൈകമാണ്ടിനു മുന്നിൽ എത്തിക്കഴിഞ്ഞു. 

ബാബുവിനും മാണിക്കും രണ്ടു നീതിയാണെന്ന ആക്ഷേപം ഗൌരവമായി എടുക്കണമെന്നും അടിയന്തിര പരിഹാരം വേണമെന്നും സീനിയർ നേതാക്കൾ ആവശ്യപ്പെട്ടു. രാജിവെച്ച ദിവസം ദേശീയ മാധ്യമങ്ങളോട് സംസാരിച്ച മാണി തനിക്കും കെ. ബാബുവിനും രണ്ടു നീതിയാണെന്ന് പറഞ്ഞിരുന്നു. ബാബുവിന് പണം കൊടുത്തതായി മൊഴിയുണ്ട്.  തനിക്കെതിരെ അങ്ങിനെ മോഴിയില്ലെന്നും  തന്നെ ബലിയാടാക്കിയെന്നുമാണ് മാണിയുടെ പരാതി. തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെയും മാണി ചോദ്യം ചെയ്തു. ആഭ്യന്തര വകുപ്പിൽ നിന്ന് എതിർ  നീക്കങ്ങൾ ഉണ്ടായെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. 
 
കെ.പി.സി.സി യോഗത്തിൽ സംസാരിക്കവേ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ മാണിക്കും ബാബുവിനും രണ്ടു നീതി എന്ന ആക്ഷേപം ഗൗരവമായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മാണിയുടെ പരാതി അവഗണിക്കരുതെന്നും ബാബുവിനെതിരെ ഉയർന്ന ആരോപണത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കണമെന്നും പി.സി ചാക്കോ കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മാണിയുടെ പരാതി ഗൗരവമായി കാണണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. 
 
മുതിർന്ന കോണ്‍ഗ്രസ്‌ നേതാക്കൾ ഇത്തരത്തിൽ അഭിപ്രായം പ്രകടിപ്പിച്ചത് മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെയും വെട്ടിൽ വീഴ്ത്തിയിരിക്കുകയാണ്. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിനെ പിണക്കുന്നത് മുന്നണിയുടെ നിലനിൽപിനെ  ബാധിക്കുമെന്ന് അവർക്ക് ആശങ്കയുണ്ട്. ബാബുവിനും മാണിക്കും രണ്ടു നീതി എന്ന ആക്ഷേപം  പ്രതിരോധിക്കാൻ സർക്കാർ ബുദ്ധിമുട്ടുന്നുണ്ട്. ബാബുവിനെതിരായ പരാതി കോടതിയിൽ എത്തുമ്പോൾ ഉണ്ടാകാൻ  ഇടയുള്ള  തിരിച്ചടിയെകുറിച്ചും പാർട്ടിയും സർക്കാരും തല പുകഞ്ഞാലോചിക്കുകയാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.