ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.എം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയുമായ വി.ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരനായ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പക്ഷേ, താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നുണ്ട്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നും സജി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കേസില്‍ കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കില്‍ എത്തിയ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും.
പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തില്‍ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം.
കഴിഞ്ഞ ദിവസമാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ സാബു ആത്മഹത്യ ചെയ്തത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ബാങ്കിൽ എത്തിയിരുന്നു. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് തുക തിരികെ ആവശ്യപ്പെട്ടതെന്നാണ് സൂചന. എന്നാൽ തുക നൽകാൻ ബാങ്ക് തയ്യാറായില്ലെന്നും തന്നോട് മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് സാബു ജീവനൊടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.